Quantcast

അസാധാരണ നടപടിയുമായി ലോകായുക്ത; ഇഫ്താർ വിരുന്ന് വിവാദം അടിസ്ഥാന രഹിതം; പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും വിശദീകരണം

ലോകായുക്തയും ഉപലോകായുക്തയുമാണ് മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പങ്കെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-04-17 12:55:35.0

Published:

17 April 2023 10:34 AM GMT

Lokayukta with extraordinary action, Iftar controversy baseless says in a press release
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസിലെ വിധിയും അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായും ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ലോകായുക്ത. വിധിയുമായും ഇഫ്താറുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാനായി ഒരു വാർത്താക്കുറിപ്പ് തന്നെ ഇറക്കിയിരിക്കുകയാണ് ലോകായുക്ത. ആദ്യമായാണ് ലോകായുക്ത ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.

ലോകായുക്തയും ഉപലോകായുക്തയുമാണ് ഇഫ്താറിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം.

കാരണം പിണറായി വിജയനെന്ന സ്വകാര്യ വ്യക്തി വിളിച്ച ഇഫ്താർ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് ക്ഷണം ലഭിച്ചതനുസരിച്ച് പങ്കെടുത്തത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ വിരുന്നിൽ സുപ്രിംകോടതി ജഡ്ജിമാർ പങ്കെടുക്കുന്നുണ്ട്.

മാത്രമല്ല, മുഖ്യമന്ത്രി വിളിച്ച ഇഫ്താറിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ, പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ എന്നീ ജഡ്ജിമാരും പങ്കെടുത്തിരുന്നു. അതിനാൽ ഇക്കാര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു.

മാത്രമല്ല, കേസ് പരിഗണിക്കുന്ന സമയം പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നുള്ള കുപ്രചരണം ഉണ്ടായിരുന്നു. അത് പരാതിക്കാരനെ വിളിച്ചതല്ല, ആശയം വിശദമാക്കാൻ പറഞ്ഞ ഒരു ഉദാഹരണം മാത്രമാണെന്നുമാണ് ലോകായുക്തയുടെ വിശദീകരണം.

നേരത്തെയുള്ള മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പരാതി പരിശോധിക്കുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കണമെന്ന വാദത്തിനെതിരെയും ലോകായുക്ത പ്രതികരിക്കുന്നുണ്ട്. മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയിൽ വരില്ലെന്നാണ് എതിർകക്ഷികൾ വാദിച്ചതെന്നും എന്നാൽ ഈ വാദം പരിഗണിക്കരുതെന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അസംബന്ധമാണ് എന്നും ലോകായുക്ത പറയുന്നു.

TAGS :

Next Story