മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ലോക്നാഥ് ബെഹ്‌റ
താൻ സംതൃപ്തിയോടെയാണ് പറിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റുകളുമായുള്ള ഏറ്റുമുട്ടലുകളെ അദ്ദേഹം ന്യായീകരിച്ചു. റിസർവ് വനത്തിലേക്ക് മാവോയിസ്റ്റുകള്‍ തോക്കുമായി പോകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അവരെ പിന്നെ മാലയിട്ട സ്വീകരിക്കണോ? ഇങ്ങോട്ട് വെടിവെച്ചാൽ അങ്ങോട്ടും വെടിവെക്കും. അതാണ് നിയമം " ബെഹ്‌റ പറഞ്ഞു.
കസ്റ്റഡി മരണം ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. കുറ്റക്കാരെ പുറത്താക്കാന്‍ നിലവിലെ നിയമത്തില്‍ സംവിധാനമില്ല.സംസ്ഥാനത്ത് നിലവിലുള്ള കേസുകളില്‍ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവബഹുലമായ കാലമാണ് കടന്നുപോയതെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരികൾ നേരിട്ടു. സർക്കാറിന്റെയും ജനങ്ങളുടേയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ലക്ഷണക്കക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായി. കോവിഡ് കാലത്തെ പൊലീസിന്റെ പ്രവർത്തനം മറ്റു രാജ്യങ്ങള്‍ മാതൃകയാക്കി.ഐ.പി.എസ് ഓഫീസർ മുതല്‍ താഴെവരെയുള്ളവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു."- അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് സുരക്ഷിതത്വ ബോധം കൊടുക്കാനായതായി അദ്ദേഹം പറഞ്ഞു. നിരവധി പുതിയ പദ്ധതികളാണ് ഡിജിപിയായ കാലയളവില്‍ നടപ്പിലാക്കിയതെന്നും ബെഹ്‌റ പറഞ്ഞു.
Adjust Story Font
16