Quantcast

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മഹല്ലുകള്‍

വിശ്വാസികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങള്‍.

MediaOne Logo

Web Desk

  • Updated:

    2024-04-20 04:27:07.0

Published:

20 April 2024 4:18 AM GMT

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മഹല്ലുകള്‍
X

കോഴിക്കോട്: വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകള്‍ കൂടി നിര്‍വഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങള്‍. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയില്‍ പുനഃക്രമീകരിക്കാന്‍ മഹല്ലുകള്‍ക്ക് സമസ്ത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ജുമുഅ പ്രഭാഷണത്തിന്റെ സമയം വെട്ടിച്ചുരുക്കിയും ജുമുഅ സമയം പുനഃക്രമീകരിച്ചും വിശ്വാസികള്‍ക്ക് വോട്ടിങ്ങിന് സൗകര്യമൊരുക്കാന്‍ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും തീരുമാനിച്ചി‌ട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങള്‍.

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങള്‍. പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

TAGS :

Next Story