Quantcast

ന്യൂനപക്ഷങ്ങളിലെ ചിലരുടെ സമ്പന്നത നോക്കി സമുദായം മുഴുവനും മുന്നാക്കമെന്ന് വിലയിരുത്താനാവില്ല: ഹൈക്കോടതി

സംസ്ഥാനത്തെ മുസ്‍ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍നിര്‍‌ണയിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

MediaOne Logo

ijas

  • Updated:

    2021-07-30 04:23:12.0

Published:

30 July 2021 4:11 AM GMT

ന്യൂനപക്ഷങ്ങളിലെ ചിലരുടെ സമ്പന്നത നോക്കി സമുദായം മുഴുവനും മുന്നാക്കമെന്ന് വിലയിരുത്താനാവില്ല: ഹൈക്കോടതി
X

ന്യൂനപക്ഷങ്ങളിലെ ചിലരുടെ സമ്പന്നത നോക്കി സമുദായം മുഴുവനും മുന്നാക്കമെന്ന് വിലയിരുത്താനാവില്ലെന്ന് ഹൈക്കോടതി. ഇവരുടെ സമ്പന്നതക്ക് കാരണം ന്യൂനപക്ഷ വിഭാഗക്കാരായതാണെന്ന് കരുതേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ മുസ്‍ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍നിര്‍‌ണയിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേരളത്തിലെ മുസ്‍ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവിയിൽ പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാലിറ്റി, ട്രാൻക്വിലിറ്റി ആന്‍ഡ് സെക്യൂലറിസം (കേഡറ്റ്സ്) എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

ന്യൂനപക്ഷമെന്നത് ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുണ്ടായ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എണ്ണം പരിശോധിച്ചാൽ നിയമസഭയിലും പാർലമെന്‍റിലും ഇവർക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഭരണഘടനയില്‍ ന്യൂനപക്ഷത്തെ നിര്‍വചിക്കാത്തത് കൊണ്ട് അവരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചേർന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിന് ബന്ധവുമില്ല. 1992ലെ ദേശീയ മൈനോറിറ്റി കമീഷൻ ആക്ട് പ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇക്കാര്യം കേരള സ്റ്റേറ്റ് കമീഷൻ ഫോർ മൈനോറിറ്റീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ വെള്ളം ചേർക്കാനാവില്ല. ചിലർ സമ്പന്നരായത് കൊണ്ട് ന്യൂനപക്ഷ അവസ്ഥ നിർണയിക്കാൻ ന്യൂനപക്ഷ കമ്മീഷനു തടസമല്ല. കേന്ദ്ര സർക്കാറിന് ദേശീയ ന്യൂനപക്ഷ കമ്മീഷനോട് നിർദേശിക്കാൻ നിയമപരമായി സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില കാര്യങ്ങളിൽ സർക്കാറിനെ ഉപദേശിക്കാനുള്ള അധികാരം കമ്മീഷനുണ്ട്. നിയമ പ്രകാരം കമീഷനുള്ള അധികാരങ്ങളും പ്രവർത്തനങ്ങളും സ്വതന്ത്ര സ്വഭാവത്തിലുള്ളതായതിനാൽ ഇടപെടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് വിലക്കുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

TAGS :

Next Story