മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല- മാർ ജോസഫ് പാംപ്ലാനി
ഇതരമതസ്ഥരുമായുള്ള ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവാഹത്തിനു പിന്നിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ ആസൂത്രിത ഇടപെടലില്ലെന്നും തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി: മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ലെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രിസ്ത്യൻ പെൺകുട്ടികൾ ഇതരമതസ്ഥരെ വിവാഹം കഴിക്കുന്നതിനു പിന്നിൽ ഏതെങ്കിലും ഒരു മതവിഭാഗം ആസൂത്രിത ഇടപെടൽ നടത്തുന്നില്ല. ഇസ്‌ലാം, ക്രിസ്തു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഇതെന്നും മാർ ജോസഫ് പാംപ്ലാനി മീഡിയവണിനോട് പറഞ്ഞു.
തിരുവമ്പാടി മിശ്രവിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കയ്‌ക്കൊപ്പമാണ് സഭയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താത്പര്യക്കാരാണ് ഇതിനു പിന്നിലുള്ളത്. അന്വേഷണ ഏജൻസികൾ ഇക്കാര്യംകൂടി പരിഗണിക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
സിൽവർലൈൻ വിഷയത്തിലുള്ള അവ്യക്തതയും ആശങ്കയും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റിയിടുന്ന കാര്യത്തിലടക്കം സാധാരണക്കാരുടെ സംശയങ്ങൾക്ക് സർക്കാരിന് ഉത്തരമില്ല. കേരളത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന പദ്ധതിയായി കെ-റെയിൽ മാറുമോ എന്നാണ് പേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല. താങ്ങുവില നിശ്ചയിക്കുന്നതടക്കം കർഷകരുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്തത്. സംഘടിതരാവാത്തതാണ് കർഷകരുടെ പ്രശ്‌നമെന്നും കർഷകസമരങ്ങൾക്ക് സഭ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യവർജ്ജനമെന്ന പ്രഖ്യാപിത നിലപാടിൽനിന്ന് ഇടതു സർക്കാർ വ്യതിചലിക്കുകയാണെന്നും നിയുക്ത ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
തലശ്ശേരി അതിരൂപതയുടെ നാലാമത്തെ മെത്രാനായാണ് മാർ ജോസഫ് പാംപ്ലാനി ഇന്ന് ചുമതലയേറ്റത്. ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് പാംപ്ലാനിയുടെ നിയമനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താമസിക്കുന്ന മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് തലശ്ശേരി അതിരൂപത.
Summary: Archbishop Mar Joseph Pamplani of the Thalassery Archdiocese has said that all inter-religious marriages are not considered love jihad
Adjust Story Font
16