Quantcast

'ബ്രഹ്മപുരം മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശവകുപ്പിന്';സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്

2020 മാർച്ച് 5 ലെ സർക്കാർ ഉത്തരവോടെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന് ഇടപെടാനാവില്ല

MediaOne Logo

Web Desk

  • Updated:

    2023-03-29 05:25:42.0

Published:

29 March 2023 4:23 AM GMT

LSGD is responsible for Brahmapuram waste management-reportബ്രഹ്മപുരം മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശവകുപ്പിന്;സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്
X

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശവകുപ്പിന്. വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്ക് ആണ് മാലിന്യ സംസ്‌കരണത്തിന്റെ ചുമതല. സൗമിനി ജയൻ മേയർ ആയിരിക്കെ 2020 മാർച്ച് 5 ലെ സർക്കാർ ഉത്തരവോടെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന് ഇടപെടാനാവില്ല. കരാർ തുകയായ 44.9 കോടി നൽകുന്ന കോർപറേഷന് മറ്റ് അധികാരങ്ങളില്ല.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻറ് മൂന്നു വർഷം മുൻപ് സർക്കാർ ഏറ്റെടുത്തതിനാൽ തീപിടിത്തം പോലുള്ള അപകടങ്ങളിൽ പോലും ഇടപെടാനാകാത്ത സ്ഥിതിയിലാണ് കൊച്ചി കോർപറേഷൻ. ദുരന്തനിവാരണ നിയമപ്രകാരമാണ് ഒന്നാം പിണറായി സർക്കാർ തദ്ദേശവകുപ്പിന് ചുമതല കൈമാറിയത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടേണ്ടത് ജില്ലാ കലക്ടർ ആണെന്നും ഉത്തരവിലുണ്ട്. സർക്കാർ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മാലിന്യസംസ്‌കരണത്തിൽ കൊച്ചി കോർപറേഷൻ പരാജയപ്പെട്ടെന്നും സർക്കാർ ഉത്തരവിൽ പരാമർശമുണ്ട്.

ബ്രഹ്മപുരം കത്തി വിഷപ്പുക പടരാനുള്ള സാഹചര്യമുണ്ടെന്നും കോർപറേഷൻ പരാജയമാണെന്നും കാണിച്ചാണ് തദ്ദേശവകുപ്പിന് പ്ലാൻറിന്റെ ചുമതല കൈമാറിയത്. ഉത്തരവിറങ്ങി മൂന്നു വർഷമായിട്ടും തദ്ദേശവകുപ്പ് ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയില്ല. കോർപറേഷനാകട്ടെ ഒന്നും ചെയ്യാനാകാത്ത നിസ്സഹായാവസ്ഥയിലും. ബ്രഹ്മപുരം രണ്ടാഴ്ചയോളം നിന്ന് കത്തിയപ്പോഴും ഉത്തരവാദിത്തം ഏൽക്കാൻ സർക്കാർ തയ്യാറായില്ല.പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത് മേയറും കോർപറേഷനുമാണ്.

എറണാകുളം ജില്ലയുടെ ചുമതല കൂടിയുള്ള വ്യവസായ മന്ത്രി പി.രാജീവും കയ്യൊഴിഞ്ഞു. തദ്ദേശവകുപ്പിനാണ് ബ്രഹ്മപുരത്തിന്റെ ഉത്തരവാദിത്തമെന്ന് രാജീവ് പറഞ്ഞു. ടെക്‌നിക്കൽ കമ്മിറ്റി നോക്കിയാൽ തദ്ദേശവകുപ്പിൻറെ പങ്ക് അറിയാം. ടെക്‌നിക്കൽ കമ്മിറ്റിയിലെ ഒരംഗം മാത്രമാണ് കെ.എസ്.ഐ.ഡി.സിയെന്നും മന്ത്രി പറഞ്ഞു.


TAGS :

Next Story