തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദം തിങ്കളാഴ്ച
മന്ത്രിമാരായ എം.ബി രാജേഷ്, വീണാ ജോർജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കുന്നു. ഡിസംബർ ഒമ്പത് തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3.30നാണ് സംവാദം. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് കെയർ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് യോഗം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ആരോഗ്യമന്ത്രി വീണാ ജോർജ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾക്കൊപ്പം പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ യോഗത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച തന്നെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി യോഗം ചേരും. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ യോഗത്തിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ ആസൂത്രണം ചെയ്യുകയാണ് ഭരണസമിതി യോഗത്തിന്റെ അജണ്ട. മുഖ്യമന്ത്രിയുടെ യോഗത്തിൽ അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥരും അതത് ഓഫീസുകളിൽ നിന്ന് പങ്കാളികളാകും. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാ ഭാരവഹികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ജനപ്രതിനിധികളുടെ യോഗത്തിന്റെ തുടർച്ചയായി എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം തേടാനുള്ള സർവകക്ഷി യോഗവും നിശ്ചയിച്ചിട്ടുണ്ട്.
Adjust Story Font
16