കെ റെയിലിന്‍റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്‍റെ കുറ്റി ജനങ്ങൾ പിഴുതെറിയും: എം എം മണി
ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന് എം എം മണി
കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ ഇന്ന് മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തി. കെ റെയിലിന്‍റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്‍റെ കുറ്റി ജനങ്ങൾ പിഴുതെറിയുമെന്ന് മുന്‍മന്ത്രി എം എം മണി പറഞ്ഞു. 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം എം മണി കട്ടപ്പനയിൽ പറഞ്ഞു.
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക- ഇതാണ് യുഡിഎഫ് സമീപനമെന്ന് മുന്‍മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വിമോചന സമരത്തിന്‍റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വെച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല. വയൽക്കിളികൾ എവിടെ പോയി? അവരുടെ നേതാക്കൾ ഇന്ന് സിപിഎമ്മിലാണ്. വിദഗ്ധ സമിതി നിർദേശം പരിഗണിക്കും. എന്നിട്ടും ആശങ്ക ഉണ്ടെങ്കിൽ അത് ദുരീകരിക്കും. അലൈൻമെന്‍റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കും. കെ റെയില്‍ നടപ്പിലാക്കിയാൽ ജൻമത്ത് യുഡിഎഫ് അധികാരത്തിൽ വരില്ല എന്ന തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഇതെന്നും എ കെ ബാലന്‍ പറഞ്ഞു.
കെ റയിൽ സമരത്തിൽ ജനങ്ങൾ ഇല്ലെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. സമരത്തിന് പിന്നിൽ വിവര ദോഷികളാണ്. കോൺഗ്രസ് നേതൃത്വം അറു വഷളന്മാരുടെ കയ്യിലാണ്. ലീഗിന്‍റെ തണലിൽ വളരുന്ന പാർട്ടിയാണ് കോൺഗ്രസ്. ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ നാണം കെട്ട പാർട്ടിയോട് എന്തുപറയാൻ? സതീശന് വേറെ പണിയൊന്നും ഇല്ലങ്കിൽ പോയി കുറ്റി പറിക്കട്ടെ. കിഫ്‌ബിയെ എതിർത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്‌ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്തുനിൽക്കുകയാണ്. കെ റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Adjust Story Font
16