Quantcast

'പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ല': രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ എം എം മണി

'പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്'

MediaOne Logo

Web Desk

  • Updated:

    2022-01-20 02:40:28.0

Published:

20 Jan 2022 2:37 AM GMT

പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ല: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ എം എം മണി
X

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫീസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു. പാർട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടയ വിവാദത്തിന് മൂർച്ച കൂടിയത് വി.എസിന്‍റെ കാലത്ത്

ലാൻറ് അസൈന്‍മെന്‍റ് കമ്മിറ്റി ശിപാർശയിൽ വെള്ളം ചേർത്തെന്ന പരാതി വ്യാപകമായതോടെയാണ് രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന വിലയിരുത്തലുണ്ടായത്. പാർട്ടി ഓഫീസുകൾ രവീന്ദ്രൻ പട്ടയഭൂമിയിലാണെന്നതിനാൽ വിഷയം സി.പി.എമ്മിനെയടക്കം പ്രതിക്കൂട്ടിലാക്കി. ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, 2007ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ മൂന്നാർ ദൗത്യസംഘത്തെ നിയോഗിച്ചതോടെയാണ് രവീന്ദ്രൻ പട്ടയ വിവാദത്തിന് മൂർച്ച കൂടിയത്.

പട്ടയങ്ങളിൽ ഏറിയ പങ്കും അഞ്ചും പത്തും സെന്‍റുള്ള ചെറുകിടക്കാരാണെന്ന മറുവാദവുമുയർന്നു. ഇത്തരം ഭൂമിയിൽ ബഹുനില കെട്ടിടങ്ങളുയർന്നാൽ മുഖംതിരിച്ചു നിൽക്കില്ലെന്ന നിലപാട് ദൗത്യസംഘവും സ്വീകരിച്ചതോടെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏതാനും ഹോം സ്റ്റേകളും റിസോർട്ടുകളും പൊളിക്കേണ്ട സാഹചര്യത്തിലെത്തി. എന്നാൽ സർക്കാർ നൽകിയ പട്ടയം സാങ്കേതികത്വത്തിന്‍റെ പേരിൽ നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചതോടെ വിഷയം താൽക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

രവീന്ദ്രൻ പട്ടയമെന്ന പേരിൽ ദേവികുളം താലൂക്കിൽ വ്യാജപട്ടയങ്ങൾ വിതരണം ചെയ്തതായി പിന്നീട് വിജിലൻസ് കണ്ടെത്തി. പിന്നാലെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറങ്ങിയത്.

TAGS :

Next Story