എ.കെ.ജി സെന്‍റര്‍ ആക്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്: എം.എം മണി
'കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി'
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി എം.എല്‍.എ. എകെജി സെന്‍റർ ആക്രമിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തൂവെന്ന് എം.എം മണി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വ്യക്തമാക്കി.
കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസില്‍ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായ ശേഷം കേരളത്തില്‍ വ്യാപക സംഘർഷം നടക്കുകയാണ്. ജനാധിപത്യബോധമുള്ള കോണ്‍ഗ്രസുകാർ പോലും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും എം.എം മണി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജനാധിപത്യബോധവും നീതിബോധവും കോണ്‍ഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങള്‍ക്ക് എന്ത് ജനാധിപത്യ മര്യാദയെന്നും എം.എം മണി പ്രതിപക്ഷത്തോട് ചോദിച്ചു.
അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസുകാർ. 50 മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്തത്. അതൊന്നും തങ്ങളാരും ചെയ്തിട്ടില്ല. ഇല്ലാത്ത കേസില്‍ തന്നെ പിടിച്ച് അകത്തിട്ടവരാണ് കോണ്‍ഗ്രസുകാർ. വെളുപ്പാന്‍ കാലത്ത് നാല് മണിക്ക് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട് നിങ്ങളുടെ പൊലീസെന്ന് എം എം മണി പ്രതിപക്ഷത്തോട് പറഞ്ഞു. അതൊന്നും മറന്ന് കോണ്‍ഗ്രസുകാർ നീതിബോധം പഠിപ്പിക്കേണ്ടെന്നും എം എം മണി വിശദീകരിച്ചു.
സ്വപ്ന സുരേഷ് സുരക്ഷിത സ്ഥലമായി സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമാണ്. സുരക്ഷിതമാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടല്ലോയെന്നും എം എം മണി പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് കയർത്തില്ലേ? ഇങ്ങനെയാണോ പ്രതിപക്ഷ നേതാവ് പ്രവർത്തിക്കേണ്ടത്? നിങ്ങളുടെ പുറകിലിരിക്കുന്ന ആളും പ്രതിപക്ഷ നേതാവായിരുന്നല്ലോ? അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല പ്രവർത്തിച്ചതെന്നും എം.എം മണി പറഞ്ഞു.
Adjust Story Font
16