ഏകീകൃത സിവില്‍ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് എം.വി ഗോവിന്ദന്‍
ഇപ്പോൾ സിവിൽ കോഡിനെ കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്
എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഏകീകൃത സിവിൽ കോഡ് ഉയർത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . ഇപ്പോൾ സിവിൽ കോഡിനെ കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയ ധ്രുവീകരണ അജണ്ടയിൽ കേന്ദ്രീകരിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് സമത്വം സ്ഥാപിക്കാൻ അനിവാര്യമാണെന്ന ആഖ്യാനമാണ് ബിജെപിയും മോദിയും നടത്തുന്നത്. എന്നാൽ, ബിജെപി വരുത്താൻ പോകുന്ന ഈ എകീകരണം സമത്വത്തിനു തുല്യമാകുമെന്ന അഭിപ്രായം സിപിഐ എമ്മിന് ഇല്ല. വിവിധ സമുദായങ്ങളിലെ സ്‌ത്രീ‐ പുരുഷന്മാരുടെ ജനാധിപത്യപരമായ പങ്കാളിത്തത്തോടെയാണ് നടപ്പുനിയമങ്ങളിലും വ്യക്തി നിയമങ്ങളിലും മാറ്റംവരുത്തേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് അത്യാവശ്യമോ അഭിലഷണിയമോ അല്ലെന്ന 2018ലെ ലോ കമീഷന്റെ അഭിപ്രായമാണ് ശരി. ബിജെപിയും മോദിയും ഇപ്പോൾ എകീകൃത സിവൽ കോഡിനെക്കുറിച്ച് പറയുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിലാക്കാനാണ്. രാജ്യത്തെമ്പാടും, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ചെറുതും വലുതുമായ വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തിയതും ഇതേ ലക്ഷ്യംവച്ചാണ്. വികസനത്തെക്കുറിച്ചോ, ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയധ്രുവീകരണ അജൻഡയിൽ ബിജെപി കേന്ദ്രീകരിക്കുന്നത്.
35,000ൽ അധികം അർധസൈനിക സേനയെയും സൈന്യത്തെയും വിന്യസിച്ചിട്ടും മണിപ്പുർ നിന്നുകത്തുകയാണ്. പൊലീസ് സ്‌റ്റേഷനിൽനിന്ന് ആയുധം കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര‐ സംസ്ഥാന മന്ത്രിമാരുടെയും എംഎൽമാരുടെയും വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെടുന്നു. ഇതിനകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 250ൽ അധികം ചർച്ചുകൾ തകർക്കപ്പെട്ടു. അരലക്ഷത്തോളംപേർ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഭരണം പൂർണമായും സ്‌തംഭിച്ചിരിക്കുന്നു. സർക്കാർ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിക്കുന്നില്ല. എന്നിട്ടും പ്രധാനമന്ത്രി മൗനംതുടരുകയാണ്. സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം ബി.ജെ.പി മുഖ്യമന്ത്രി എകപക്ഷീയമായാണ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നു. അതുകൊണ്ടുതന്നെ സമാധാന ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഡബിൾ എൻജിൻ സർക്കാർ മണിപ്പുരിൽ പൂർണമായും പരാജയമാണെന്ന് ജനങ്ങൾക്ക് അനുഭവത്തിൽനിന്നും ബോധ്യപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റി മണിപ്പുരിനെ സാധാരണ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും കേന്ദ്ര സർക്കാർ നടത്തണമെന്നാണ് സിപിഐ എമ്മിന്‍റെ അഭിപ്രായമെന്നും ലേഖനത്തില്‍ പറയുന്നു.
Adjust Story Font
16