സര്‍ക്കാര്‍ പുസ്തകത്തില്‍ മാറ്റംവരുത്തിയാല്‍ ധീരദേശാഭിമാനികളെ മായ്ച്ചുകളയാനാകില്ല: എം.എ ബേബി
ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണില്‍ കാണുകയാണ് ഐ.സി.എച്.ആറെന്നും എം.എ ബേബി.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഏതെങ്കിലും പട്ടികയില്‍ മാറ്റംവരുത്തിയാല്‍ ഇല്ലാതാകുന്നതല്ല സ്വാതന്ത്ര്യ സമരചരിത്രമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മലബാര്‍ സമരത്തിലെ രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും നീക്കിയ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടപടിയെ വിമര്‍ശിച്ച എം.എ ബേബി, കേന്ദ്രസര്‍ക്കാര്‍ താത്പര്യത്തിന് ഉപരിയായി ചരിത്രവീക്ഷണം തിരുത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണില്‍ കാണുകയാണ് ഐ.സി.എച്.ആര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത സംഘടനയാണ് ആര്‍.എസ്.എസ്. സ്വാതന്ത്ര്യ സമരത്തിന്റെ പ്രതിബിംബമായിരുന്ന ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് അത്. ആര്‍.എസ്.എസ് തയ്യാറാക്കുന്ന പുസ്തകത്തില്‍ മലബാര്‍ സമരത്തിലെ രക്തസാക്ഷികള്‍ ഇല്ല എന്നുള്ളത് ചരിത്രത്തില്‍ നിന്ന് ആ ധീരദേശാഭിമാനികളെ മായ്ച്ചുകളയാന്‍ മതിയാവില്ലെന്നും എം.എ ബേബി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
മലബാർ കലാപത്തിൽ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഈ നീക്കം. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പാഠപുസ്തകങ്ങളുടെയും ഐസിഎച്ച്ആർ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെപുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താൻ നടപടികളുണ്ടായിട്ടുണ്ട്.
സർക്കാർ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയിൽ നിന്ന് മാറ്റിയാൽ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിൻറെ വില. ജനങ്ങളുടെ ഹൃദയത്തിൽ അവർ എന്നുമുണ്ടാവും. ആർഎസ്എസ് സംഘടനകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു അവർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. അവർ, തയ്യാറാക്കുന്ന പുസ്തകത്തിൽ മലബാർ കലാപത്തിലെ രക്തസാക്ഷികൾ ഇല്ല എന്നത് ചരിത്രത്തിൽ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാൻ മതിയാവില്ല.
Adjust Story Font
16