മീഡിയവൺ വിലക്ക് റദ്ദാക്കിയത് സ്വാഗതാർഹം; സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന വിധി: എം.എ ബേബി
ഇന്ത്യ ഭരിക്കുന്ന അർധ ഫാഷിസ്റ്റുകളിൽ നിന്ന് കോടതിസ്വാതന്ത്യം നേരിടുന്ന വെല്ലുവിളി ചെറുതല്ല. അതിനിടയിൽ ഒരു രജതരേഖയാണ് സുപ്രിംകോടതിയുടെ ഈ വിധിയെന്ന് എം.എ ബേബി പറഞ്ഞു.
MA Baby
ന്യൂഡൽഹി: മീഡിയവൺ ചാനലിന് യൂണിയൻ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി റദ്ദാക്കിയത് സ്വാഗതാർഹമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഇന്ത്യയിലെ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന നടപടിയാണ് ഇത്. മീഡിയവണിന്റെ വിലക്ക് റദ്ദാക്കുക മാത്രമല്ല, മാധ്യമസ്വാതന്ത്ര്യം, ദേശീയസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങളെ റദ്ദ് ചെയ്യുന്നത്, മുദ്രവെച്ച കവറിൽ രേഖകൾ സമർപ്പിച്ചുള്ള കോടതി നടപടിക്രമം എന്നീ കാര്യങ്ങളുടെ കാര്യത്തിലൊക്കെ നിർണായകമായ ഒരു വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും ചേർന്ന് തീർപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മീഡിയവൺ ചാനലിന് യൂണിയൻ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി റദ്ദാക്കിയത് സ്വാഗതാർഹമാണ്. ഇന്ത്യയിലെ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന നടപടിയാണ് ഇത്.
മീഡിയ വണ്ണിൻറെ വിലക്ക് റദ്ദാക്കുക മാത്രമല്ല, മാധ്യമസ്വാതന്ത്ര്യം, ദേശീയസുരക്ഷയുടെ പേരിൽ പൌരാവകാശങ്ങളെ റദ്ദു ചെയ്യുന്നത്, മുദ്ര വച്ച കവറിൽ രേഖകൾ സമർപ്പിച്ചുള്ള കോടതി നടപടിക്രമം എന്നീ കാര്യങ്ങളുടെ കാര്യത്തിലൊക്കെ നിർണായകമായ ഒരു വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും ചേർന്ന് തീർപ്പാക്കിയിരിക്കുന്നത്.
മീഡിയ വണ്ണിൻറെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് പുതുക്കേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ചാനൽ നടത്തുന്ന
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷനിലാണ് ഇന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ചാനലിന്റെ എഡിറ്റർ പ്രമോദ് രാമനും കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയനും വെവ്വേറെ ഹർജികൾ സമർപ്പിച്ചിരുന്നു. ചാനലിന് വേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാനും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഹാജരായി.
"ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ ശക്തമായ പ്രവർത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അത്യന്താപേക്ഷിതമാണ്. ജനാധിപത്യ സമൂഹത്തിൽ അതിന്റെ പങ്ക് നിർണായകമാണ്, കാരണം അത് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നു. സത്യം സംസാരിക്കാനും പൗരന്മാർക്ക് മുന്നിൽ ശരിയായ വസ്തുതകൾ അവതരിപ്പിക്കാനും പത്രങ്ങൾക്ക് കടമയുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണം ഒരേ മാർഗത്തിലൂടെ ചിന്തിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നു. സാമൂഹ്യസാമ്പത്തിക രാഷ്ട്രീയരംഗങ്ങൾ മുതൽ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ വരെയുള്ള വിഷയങ്ങളിലെ ഏകീകൃതവീക്ഷണം ജനാധിപത്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കും." ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ ഈ സുപ്രധാന വിധി പറഞ്ഞു.
ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച മുദ്രവച്ച കവർ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച കേരളഹൈക്കോടതിയുടെ സമീപനത്തെ സുപ്രീം കോടതി വിമർശിച്ചു. ഇത് വളരെ പ്രധാനമാണ്. "പ്രശ്നത്തിൻറെ സ്വഭാവവും ആഴവും ഫയലിൽ നിന്ന് വ്യക്തമല്ല എന്ന് നിരീക്ഷിച്ചശേഷം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച കാര്യം നീതീകരിക്കത്തക്കതാണെന്ന നിഗമനത്തിലെത്താൻ ഹൈക്കോടതിയുടെ മനസ്സിൽ എന്താണ് കാരണമായതെന്നതിന് ഒരു വിശദീകരണവുമില്ല." ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കേവലം ദേശീയ സുരക്ഷയുടെ കാര്യം ഉന്നയിച്ച് പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിന്യായം വ്യക്തമാക്കുന്നു. സി.ബി.ഐ, ഐ.ബി തുടങ്ങിയ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് വെളിപ്പെടുത്തലിൽ നിന്ന് പൂർണമായ പ്രതിരോധം നൽകാനാവില്ലെന്ന് വിധി നിരീക്ഷിച്ചു. "ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഞങ്ങളുടെ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലും ദേശീയ സുരക്ഷ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേവലം അവകാശപ്പെടുന്നതല്ലാതെ, എന്ത് ദേശീയസുരക്ഷയുടെ താൽപ്പര്യം ഉൾപ്പെടുന്നുവെന്ന് വിശദീകരിക്കാൻ ഇന്ത്യൻ യൂണിയൻ ശ്രമിച്ചില്ല.... ദേശീയ സുരക്ഷ എന്ന വാചകം കൊണ്ട് മാത്രം ജുഡീഷ്യൽ റിവ്യൂ ഒഴിവാക്കപ്പെടില്ല. ഇത് നിയമവാഴ്ചയുമായി പൊരുത്തപ്പെടുന്നില്ല."
"മീഡിയ വൺ ചാനലിൻറെ സർക്കാർ നയങ്ങളോടുള്ള വിമർശനാത്മക വീക്ഷണങ്ങളെ ആൻറി എസ്റ്റാബ്ലിഷ്മെൻറ് എന്ന് വിളിക്കാനാവില്ല. അത്തരം ഒരു പദപ്രയോഗം തന്നെ മാധ്യമങ്ങൾ എസ്റ്റാബ്ലിഷ്മെൻറിനെ പിന്തുണയ്ക്കണം എന്ന പ്രതീക്ഷയെ പ്രതിനിധീകരിക്കുന്നു. ഭരണഘടനാപരമായി ,
ഒരു ചാനലിന് അവകാശമുള്ള വീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ ഒരു മാധ്യമ ചാനലിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെയും പ്രത്യേകിച്ച് പത്രസ്വാതന്ത്ര്യത്തെയും ഭയപ്പെടുത്തുന്നു." കോടതി തുടർന്നു പറഞ്ഞു.
ചാനലിന്റെ ഷെയർഹോൾഡർമാർ ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുള്ളവരാണ് എന്നത് ചാനലിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള നിയമാനുസൃതമായ കാരണമല്ലെന്നും വിധി പറയുന്നു. എന്തായാലും, അത്തരം ബന്ധം കാണിക്കാൻ മെറ്റീരിയലുകളൊന്നുമില്ല, വിധി പറയുന്നു. കൂടാതെ, ജെഐഎച്ച് ഒരു നിരോധിത സംഘടനയല്ലാത്തപ്പോൾ, സംഘടനയുമായുള്ള ബന്ധം രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സംസ്ഥാനത്തിന്റെ സുരക്ഷയെയും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തെയും പൊതു ക്രമത്തെയും ബാധിക്കുമെന്ന് വാദിക്കാൻ കഴിയില്ല.
ഇന്ത്യ ഭരിക്കുന്ന അർധ ഫാഷിസ്റ്റുകളിൽ നിന്ന് കോടതിസ്വാതന്ത്യം നേരിടുന്ന വെല്ലുവിളി ചെറുതല്ല. അതിനിടയിൽ ഒരു രജതരേഖയാണ് നമ്മുടെ സുപ്രീം കോടതിയുടെ ഈ വിധി. എല്ലാ ജനാധിപത്യവാദികളും മുഴുവൻ ജനങ്ങളും കോടതിസ്വാതന്ത്ര്യത്തിനായി ശബ്ദം ഉയർത്തിയാൽ മാത്രമേ ജനാധിപത്യത്തിന്റെ ഈ പെരുന്തൂണ് നിലനില്ക്കൂ എന്നത് ഓർമിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
Adjust Story Font
16