'സിപിഎം ഏരിയ സമ്മേളനത്തിനു പിരിച്ച 7 ലക്ഷം തട്ടി'; മധു മുല്ലശ്ശേരിക്കെതിരെ പരാതി
മധു മുല്ലശ്ശേരിയുടെ പാർട്ടി മാറ്റം രാഷ്ട്രീയവിവാദമായതിനാൽ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ സാമ്പത്തിക തട്ടിപ്പു പരാതി. സിപിഎം ഏരിയ സമ്മേളനത്തിനായി പിരിച്ച ഏഴു ലക്ഷത്തോളം രൂപ തട്ടിയെന്നാണ് ആരോപണം. പാർട്ടി മംഗലപുരം ഏരിയ കമ്മിറ്റിയാണ് ആറ്റിങ്ങൽ ഡിവൈഎസ്‍പിക്ക് പരാതി നൽകിയത്.
ഏരിയ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ മധുവിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ഉണർത്തുകയും ചെയ്തിരുന്നു. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പിൽ പരാതി നൽകിയത്.
പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഉൾപ്പെടെ പിരിച്ച തുകയാണ് തട്ടിയതെന്നാണ് ആരോപിക്കുന്നത്. പിരിച്ചെടുത്ത ഏഴു ലക്ഷം രൂപ പാർട്ടിക്ക് കൈമാറാതെ കൈയിൽ വയ്ക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. അതേസമയം, പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മധു മുല്ലശ്ശേരിയുടെ പാർട്ടി മാറ്റം രാഷ്ട്രീയവിവാദമായതിനാൽ ഇരുവിഭാഗവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികളിലേക്കു നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നതെന്നാണ് അറിയുന്നത്.
Summary: Madhu Mullassery, who left the CPM and joined the BJP, has been accused of embezzling around Rs 7 lakh collected for the area conference
Adjust Story Font
16