മധു വധക്കേസ്: കൂറുമാറിയ സാക്ഷി മൊഴി തിരുത്തി; കളവ് പറഞ്ഞതിന് നടപടി വേണമെന്ന് പ്രോസിക്യൂഷൻ
മർദനമേറ്റ് മധു മുക്കാലിയിൽ ഇരിക്കുന്നത് കണ്ടെന്ന് സുനിൽകുമാർ ഇന്ന് കോടതിയിൽ പറഞ്ഞു.
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ നേരത്തെ കോടതിയിൽ നൽകിയ മൊഴി തിരുത്തി കൂറുമാറിയ സാക്ഷി സുനിൽകുമാർ. കോടതി നിർദേശത്തെ തുടർന്ന് ഹാജരായപ്പോഴായിരുന്നു സുനിൽകുമാർ ഇന്നലെ പറഞ്ഞത് തിരുത്തിപ്പറഞ്ഞത്.
മർദനമേറ്റ് മധു മുക്കാലിയിൽ ഇരിക്കുന്നത് കണ്ടെന്ന് സുനിൽകുമാർ ഇന്ന് കോടതിയിൽ പറഞ്ഞു. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉള്ളത് താൻ ആണെന്നും ഇയാൾ സമ്മതിച്ചു.
സുനിൽകുമാറിന്റെ സാക്ഷി വിസ്താരം മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ പൂർത്തിയായി. അതേസമയം, കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.
ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറുമാറിയത്. മധുവിനെ മർദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറയുകയായിരുന്നു.
തുടർന്ന് മധുവിനെ മർദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു. ഇതോടെ, സുനിൽകുമാറിന്റെ കാഴ്ച പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇതു പ്രകാരം ഇന്ന് കാഴ്ച പരിശോധനാഫലം ഉൾപ്പെടുന്ന വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കളവ് പൊളിഞ്ഞത്. തുടർന്ന് സുനിൽകുമാർ ആദ്യ നിലപാടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇന്നലെ പറഞ്ഞ കാര്യങ്ങളാണ് മുഖവിലയ്ക്കെടുക്കുക എന്ന് പ്രോസിക്യൂഷൻ പറയുന്നു. കൂറുമാറിയ പട്ടികയിൽ തന്നെയായിരിക്കും സുനിൽകുമാറിനെ ഉൾപ്പെടുത്തുക.
തുടർന്ന്, കോടതിയെ തെറ്റിദ്ധരിപ്പിച്ചു, കോടതിയുടെ സമയം നഷ്ടപ്പെടുത്തി, കളവ് പറഞ്ഞു എന്നീ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ നടപടി ആവശ്യമുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ വേണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകുകയായിരുന്നു.
Adjust Story Font
16