മധു വധക്കേസ്; പ്രതികൾ ഇപ്പോഴും ഒളിവിൽ, ഇരുട്ടിൽ തപ്പി പോലീസ്
പ്രതികളുടെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയ 9 പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കോടതിയിൽ ഹാജരായ 3 പ്രതികളെ റിമാന്റ് ചെയ്തു. ബാക്കി പ്രതികൾക്കായി അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിട്ടുണ്ട്. കോടതി വിധി വന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതിനിടെ പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി എസ്‌സി-എസ്ടി കോടതി ജഡ്ജി വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. മൂന്ന്, ആറ്, എട്ട്, 10, l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് ആരോപണം ഉയർന്നത്.
വ്യവസ്ഥകൾ ലംഘിച്ചതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Adjust Story Font
16