ഐ. സമീലിന് യൂത്ത് ഇന്ത്യ അവാർഡ്
യൂത്ത് ഇന്ത്യ യു.എ.ഇയുടെ 2020-21 വർഷത്തെ യൂത്ത് സിഗ്നേച്ചർ അവാർഡിന് മാധ്യമം സീനിയർ സബ് എഡിറ്റർ ഐ. സമീൽ അർഹനായി. യൂത്ത് ഇന്ത്യ ആഗസ്റ്റ് 15 മുതൽ നവംബർ 15 വരെ സംഘടിപ്പിച്ചു വരുന്ന ഇസ്സാ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ മേഖലകളിലെ യുവ മുസ്‌ലിം പ്രതിഭകൾക്ക് നൽകുന്ന അവാർഡാണ് സമീലിന് ലഭിച്ചത്. 1921 മലബാർ സമരവുമായി ബന്ധപ്പെട്ട അന്വേഷണാത്മകമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും കാണാമറയത്ത് ഉണ്ടായിരുന്ന രക്തസാക്ഷികളെ പരിചയപ്പെടുത്തുകയും ചെയ്തതിനാണ് അവാർഡ്.
ഇസ്‌ലാമിക് ആർട്സ് മേഖലയിൽ കരീം ഗ്രാഫി കക്കോവ്, സംരംഭക മേഖലയിലെ സേവനങ്ങൾക്ക് ഡോ. നിഷാദ് വി.എം., കായിക മേഖലയിൽ നസീഫ് ഫറോക്ക്, പ്രൊഡക്ഷൻ മേഖലയിൽ നൂറുദ്ധീൻ അലി അഹമ്മദ് എന്നിവരും സിഗ്നേച്ചർ അവാർഡിന് അർഹരായതായി ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പീപ്പിൾസ് ഫൗണ്ടേഷന്റെ കീഴിലുള്ള പീപ്പിൾസ് സ്റ്റാർട്ട് അപ്പ് പ്രൊജക്റ്റ് ഡയറക്ടറും നെക്ട്റീസ് ഇന്ത്യ ഫുഡ് ഇന്ത്യ കമ്പനിയുടെ ഡയറക്ടറും കേരള സ്റ്റാർട്ട് അപ്പ് മിഷൻ നോഡൽ ഓഫീസറും എൻ.ഐ.ടി കോഴിക്കോട്, കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ, കിറ്റ്കോ, ഡിപ്പാർട്മെൻറ് ഓഫ് ഇൻഡസ്ട്രിസ് ആൻഡ് കോമേഴ്‌സ് തുടങ്ങിയവായുടെ റിസോർസ് ട്രെയിനിങ് പേഴ്സണും സംരംഭക പരിശീലകനുമാണ് ഡോ. വി എം നിഷാദ്.
ലോക അയെൺ മാൻ മത്സരങ്ങളിൽ പങ്കെടുക്കുകയും മലയാളി യുവാക്കൾക്ക് അയെൺ മാൻ ട്രയത്തലോൺ പരിചയപ്പെടുത്തുകയും ചെയ്തതിനാണ് നസീഫ് ഫറോക്കിന് അവാർഡ്. ചലച്ചിത്ര നിർമ്മാണ രംഗത്ത് നിസ്തുലമായ സംഭാവനകൾ അർപ്പിക്കുകയും സിനിമ-നാടക-ഡോക്യൂമെൻററി പ്രൊഡക്ഷൻ മേഖലയിൽ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നതിനാണ് നൂറുദ്ദീൻ അലി അഹ്‌മദിന് പ്രൊഡക്ഷൻ മേഖലയിലെ അവാർഡ്. വാർത്താസമ്മേളനത്തിൽ യൂത്ത് ഇന്ത്യ യു.എ.ഇ വൈസ് പ്രസിഡന്‍റുമാരായ തൗഫീഖ് മമ്പാട്, താഹ അബ്ദുള്ള ഹൈദർ, തൻസീം എന്നിവർ പങ്കെടുത്തു.
Adjust Story Font
16