Quantcast

റോഡരികില്‍നിന്നു കിട്ടിയ 2.43 ലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ച് മദ്രസാ അധ്യാപകന്‍

മജീദ് ഫൈസിയെയും മദ്രസാ ഭാരവാഹികളെയും ആലിംഗനം ചെയ്ത് നന്ദി പറഞ്ഞാണ് ശ്രീകാന്ത് പണവുമായി മടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2024-05-31 14:29:23.0

Published:

31 May 2024 2:26 PM GMT

റോഡരികില്‍നിന്നു കിട്ടിയ 2.43 ലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ച് മദ്രസാ അധ്യാപകന്‍
X

മംഗളൂരു: അതിരാവിലെ മദ്രസയിലേക്കുള്ള നടത്തത്തിനിടെ റോഡരികില്‍ ഒരു പൊതി കാണുന്നു. തുറന്നുനോക്കുമ്പോള്‍ ഞെട്ടല്‍; നിറയെ നോട്ടുകെട്ടുകള്‍! കൂടുതല്‍ നേരമവിടെ അന്തിച്ചുനിന്നില്ല. നേരെ മദ്രസയിലെത്തി കമ്മിറ്റിയെ ഏല്‍പിച്ചു. എണ്ണിനോക്കുമ്പോള്‍ 2.43 ലക്ഷം രൂപ! പാതയോരത്തുനിന്നു നോട്ടുകെട്ടുകള്‍ ലഭിച്ച വിവരം അറിഞ്ഞ് ഉടമ മദ്രസയിലെത്തി അതു കണ്ണുനിറഞ്ഞ് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.

ദക്ഷിണ കന്നഡയിലെ ബന്റ്‌വാളിലെ ഒരു മദ്രസാ അധ്യാപകനാണ് ഈ കഥയില്‍ വഴിപോക്കന്റെ രൂപത്തിലെത്തിയ ആ നല്ല ശമരിയക്കാരന്‍. ഇവിടെ കേളഗിനപേട്ടെയിലെ മനാസുല്‍ ഇസ്‌ലാം മദ്രസയില്‍ അധ്യാപകനായ അബ്ദുല്‍ മജീദ് ഫൈസിയാണ് ആ മഹാമനസ്‌കന്‍. മേയ് 28നാണ് മദ്രസയിലേക്കു പോകുംവഴി റോഡരികില്‍ മജീദ് നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്.

ആ പണപ്പൊതി ഒട്ടും അമാന്തിക്കാതെ മദ്രസ കമ്മിറ്റിയുടെ കൈകളില്‍ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നാട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വീണുകിട്ടിയ പണപ്പൊതിയെക്കുറിച്ചുള്ള വിവരം കൈമാറിയാണ് ഉടമയുടെ ചെവിയിലുമെത്തുന്നത്.

അടുത്ത പ്രദേശത്തുകാരനായ ശ്രീകാന്ത് ഭട്ടിന്റേതായിരുന്നു ആ പണം. അദ്ദേഹം മദ്രസയിലെത്തി തെളിവുകള്‍ ഹാജരാക്കിയതോടെ കമ്മിറ്റി ഭാരവാഹികള്‍ തുക കൈമാറുകയായിരുന്നു. അബ്ദുല്‍ മജീദ് ഫൈസിയെയും മദ്രസാ ഭാരവാഹികളെയും ആലിംഗനം ചെയ്തും ഹൃദയം നിറയെ നന്ദി പറഞ്ഞുമാണ് ശ്രീകാന്ത് പണവുമായി വീട്ടിലേക്കു മടങ്ങിയത്.

Summary: Madrasa teacher displays honesty, returns Rs 2.43 lac cash found on road in Bantwal from Dakshina Kannada district, Karnataka

TAGS :

Next Story