ഓഫർ തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാൻഡിൽ; ഡിസ്ചാർജിന് ശേഷം ജയിലിലേക്ക്
ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.

തിരുവനന്തപുരം: കോടികളുടെ ഓഫർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇയാളെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടില്ല. അതിനാൽ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് മാറ്റും. തുടർന്നായിരിക്കും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.
കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണ്. അതിനാൽ നിർണായകമായ പല വിവരങ്ങളും ഇയാളിൽനിന്ന് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വൻ തോതിൽ പണവും എത്തിയിട്ടുണ്ട്. എന്നാൽ ഇത് സായ് ട്രസ്റ്റിനായി വാങ്ങിയതാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. അതേസമയം, കേസിലെ തുടർനടപടികൾ ഡോക്ടർമാരുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാവുക.
കേസിൽ രണ്ടാം പ്രതിയായ ആനന്ദകുമാർ ഒരു മാസത്തോളമായി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്.
സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു ആനന്ദകുമാറിന്റെ വാദം. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.
Adjust Story Font
16