Quantcast

രാജകീയ കലാലയത്തിന്‍റെ സ്വന്തം പി.ടി; ഏതാവശ്യത്തിനും ഓടിയെത്തുന്ന പൂര്‍വവിദ്യാര്‍ഥി

പടിയിറങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കാമ്പസിലെ ഏതാവശ്യത്തിനും ഓടിയെത്തുന്ന പൂര്‍വവിദ്യാര്‍ഥിയാണ് പി.ടി

MediaOne Logo

Web Desk

  • Published:

    22 Dec 2021 6:03 AM GMT

രാജകീയ കലാലയത്തിന്‍റെ സ്വന്തം പി.ടി; ഏതാവശ്യത്തിനും ഓടിയെത്തുന്ന പൂര്‍വവിദ്യാര്‍ഥി
X

പി.ടി തോമസ് എന്ന വിദ്യാര്‍ഥിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എറണാകുളം മഹാരാജാസ് കോളേജിന് ഒരുപാടുണ്ടാകും പറയാന്‍..പടിയിറങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കാമ്പസിലെ ഏതാവശ്യത്തിനും ഓടിയെത്തുന്ന പൂര്‍വവിദ്യാര്‍ഥിയാണ് പി.ടി. അതുപോലെ തന്നെയാണ് പി.ടിയുടെ ചങ്ങാതിമാരും. പി.ടിക്കു വേണ്ടി അവരുമെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ പി.ടിക്ക് വേണ്ടി മഹാരാജാസിലെ കൂട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. മഹാരാജാസില്‍ 1975 മുതലിങ്ങോട്ട് അദ്ദേഹത്തോടൊപ്പം പഠിച്ച സുഹൃത്തുക്കളുടെ കൂട്ടായ്മായ ഫ്രണ്ട്സ് ഓഫ് പിടി ആന്‍ഡ് നേച്ചറിന്‍റെ നേതൃത്വത്തിലായിരുന്നു വോട്ടുതേടല്‍. സൗഹൃദങ്ങളുടെ കാര്യത്തിലും സമ്പന്നനായിരുന്നു പി.ടി. നെതർലാൻഡിലെ ഇന്ത്യൻ അംബാസിഡറായിരുന്ന വേണു രാജാമണി, റിട്ടയേർഡ് ജഡ്‌ജിമാർ, പ്രൊഫസർമാർ, സിനിമാതാരങ്ങൾ, സാംസ്കാരികനായകർ തുടങ്ങിയവരെല്ലാം പി.ടിയുടെ സൌഹൃദക്കൂട്ടത്തിലുണ്ട്.

ഇടുക്കിക്കാരനായ പി.ടി പ്രീഡിഗ്രിക്ക് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും ഡിഗ്രിക്ക് തൊടുപുഴ ന്യൂമാൻസ് കോളേജിലും ആയിരുന്നു. 1977-79 കാലത്താണ് മഹാരാജാസിലെ എം.എ ഹിസ്റ്ററി പഠനം. അക്കാലത്ത് കെ.എസ്.യുവിന്‍റെ അദ്ദേഹം ഇടുക്കി ജില്ലാ പ്രസിഡന്‍റായിരുന്നു. പി.ജി കഴിഞ്ഞ് എറണാകുളം ലോ കോളേജിൽ എൽ.എൽ.ബിക്ക് ചേർന്നിട്ടും മഹാരാജാസിൽ സ്ഥിര സന്ദർശകനായിരുന്നു. ഉമ തോമസുമായിട്ടുള്ള പ്രണയം മൊട്ടിട്ടതും രാജകീയ കലാലയത്തില്‍ നിന്നുമാണ്. പിന്നീട് അവരെ ജീവിതസഖിയാക്കുകയും ചെയ്തു പി.ടി. മികച്ച സംഘാടകനും പ്രാസംഗികനുമായ പി.ടി കാമ്പസിന്‍റെ ഇഷ്ടം പെട്ടെന്ന് തന്നെ നേടിയിരുന്നു.ഏത് ആള്‍ക്കൂട്ടത്തിനിടയിലും പ്രത്യേകം ശ്രദ്ധ കവരുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ തലയെടുപ്പ് കാമ്പസില്‍ ആരാധകരെ കൂട്ടി.

TAGS :

Next Story