മകരവിളക്ക്: കാൽനടയായി സന്നിധാനത്തെത്തുന്നത് നിരവധി പേർ
കല്ലും മുള്ളും നിറഞ്ഞ കാനനപാതകൾക്കൊപ്പം തന്നെ കഠിനമായ വെയിലും ചൂടും താണ്ടിയാണ് ഓരോരുത്തരുടെയും സഞ്ചാരം.
ശബരിമല: മകര വിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിരവധി അയ്യപ്പഭക്തരാണ് കാല് നടയായി ശബരിമലയിലേക്കെത്തുന്നത്. പരമ്പരാഗത പാതകളായ പുല്ലുമേടിനും എരുമേലിക്കും പുറമെ കുളത്തൂപ്പുഴ അച്ചൻ കോവിൽ വഴിയും തീർത്ഥാടനത്തിനെത്തുന്നവരുണ്ട്. കല്ലും മുള്ളും നിറഞ്ഞ കാനന പാതക്കൊപ്പം തന്നെ കടുത്ത ചൂടും വെയിലും വകവെയ്ക്കാതെയാണ് ഇവരുടെ സഞ്ചാരം.
ശബരിമല പാതകളിലോരോന്നിലൂടെയും വാഹനങ്ങൾ കുതിച്ചു പായുന്നതിനിടയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കാൽ നടയായെത്തുന്ന തീർഥാടകരെ കാണാം. പെരിയ സ്വാമിമാർക്കും അയ്യപ്പന്മാർക്കുമൊപ്പം തന്നെ കന്നി മാളികപ്പുറങ്ങൾ മുതൽ വൃദ്ധ മാതാക്കൾ വരെ അത്തരം സംഘങ്ങൾക്കൊപ്പമുണ്ട്. തെക്കൻ തമിഴ്‌നാട്ടിൽ നിന്നാണ് ഏറെപ്പേരുമെത്തുന്നതെങ്കിലും 12- മുതൽ 16 വരെ ദിവസങ്ങൾ പിന്നിട്ടാണ് ഇവർ സന്നിധാനത്ത് എത്താറുള്ളത്.
കുളത്തൂപ്പുഴ,പുനലൂർ,അച്ചൻകോവിൽ കല്ലേലി പാതകളിലൂടെ വരുന്നവർ 150 കിലോ മീറ്ററോളം ദൂരമാണ് കാൽ നടയായി സഞ്ചരിക്കുന്നത് . തീർത്ഥാടകരുടെ കൃത്യമായ കണക്ക് സൂക്ഷിക്കാറില്ലെങ്കിലും ദിവസേന ശരാശരി 150 ലേറെപ്പേർ ഇതുവഴി സഞ്ചരിക്കാറുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Adjust Story Font
16