'ബജറ്റ് കുറച്ച് കൂടി യാഥാർത്ഥ്യ ബോധത്തോടെയാക്കൂ...'കേരളത്തോട് സി.എ.ജി
19 സ്‌കീമുകളിലായി 10 കോടി രൂപയും അതിനുമുകളിലും തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ടൊന്നും ചെലവാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുന്നു
തിരുവനന്തപുരം: ബജറ്റ് തയ്യാറാക്കുന്നതിൽ കുറച്ചു കൂടി യാഥാർത്ഥ്യ ബോധത്തോടെ ഇടപെടണമെന്നും കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരണമെന്നും കേരള സർക്കാറിനോട് നിർദേശിച്ച് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി). 2021ലെ സ്‌റ്റേറ്റ് ഫിനാൻസസ് ഓഡിറ്റ് റിപ്പോർട്ടിലാണ് നിർദേശം. സംസ്ഥാന ബജറ്റിലെ പല പ്രശ്‌നങ്ങളും റിപ്പോർട്ടിൽ പറഞ്ഞു. ചെലവും നിക്ഷേപവും തെറ്റായി വേർതിരിക്കൽ, സുതാര്യതയുടെ അഭാവം, ഫണ്ടുകളുടെ അധികവും അനാവശ്യവുമായ പുനർവിനിയോഗം, തിരുത്തൽ ആവശ്യമായ സമ്പ്രദായത്തിലൂടെ പദ്ധതികൾ നടപ്പാക്കി പരാജയപ്പെടൽ എന്നിവയാണ് സിഎജി ചൂണ്ടിക്കാട്ടിയത്.
ആനുകൂല്യം താളം തെറ്റുന്നു
ബജറ്റിൽ വകയിരുത്തിയ പല പദ്ധതികളും നടപ്പാക്കാത്തതിനാൽ പൊതുജനങ്ങൾക്ക് ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നഷ്ടമായിരിക്കുകയാണ്. ഇങ്ങനെ മാറ്റിവെച്ച് പാഴാകുന്ന ഫണ്ട് മറ്റു വകുപ്പുകൾക്ക് ഉപയോഗിക്കാമായിരുന്നു. എന്നാൽ അതും നടക്കുന്നില്ല. 11 ഗ്രാന്റുകളിൽ ഉൾപ്പെടുത്തി, 19 സ്‌കീമുകളിലായി 10 കോടി രൂപയും അതിനുമുകളിലും തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ടൊന്നും ചെലവാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുന്നു. പുതുക്കിയ വിഹിതത്തിൽ ഈ പദ്ധതികൾ പിൻവലിച്ചിട്ടില്ല. പൊലീസിന്റെയും മറ്റ് സേനകളുടെയും നവീകരണത്തിനുള്ള ദേശീയ പദ്ധതി, വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ രണ്ട് പദ്ധതികൾ 2019-20 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും കൃത്യമായ ധനസഹായം പറഞ്ഞിട്ടില്ല - ഓഡിറ്റർ ചൂണ്ടിക്കാട്ടി.
മറ്റു ചാർജുകൾ എന്ന പേരിൽ 2,236.30 കോടി രൂപയാണ് രേഖപ്പെടുത്തിയതെന്നും എന്ത് കൊണ്ട് ഇവ പ്രത്യേക തലക്കെട്ടുകളായി തിരിക്കാതിരുന്നതെന്നും സിഎജി ചോദിച്ചു. ഈ രീതി അക്കൗണ്ട്‌സിൽ അവ്യക്തത സൃഷ്ടിക്കുന്നുവെന്നും പറഞ്ഞു. മെഷിനറികളും ഉപകരണങ്ങളും, വസ്തുക്കളും വിതരണവും, മോട്ടോർ വാഹനങ്ങൾ, വാടക നിരക്കും നികുതികളും, വൈദ്യുതി ചാർജുകളും വെള്ളത്തിന്റെ ചാർജ്ജുകളും എന്നിങ്ങനെ പ്രത്യേക തലക്കെട്ടുകൾ ഉണ്ടായിട്ടും 2020-21 കാലയളവിൽ ഈ ചെലവുകൾ 'മറ്റ് ചാർജുകൾക്ക്' എന്ന തലക്കെട്ടിന് കീഴിൽ ഒന്നിച്ചാണ് കാണിച്ചിരിക്കുന്നതെന്നും വിമർശിച്ചു.
ചെലവുകളും നിക്ഷേപവും തെറ്റായി വേർതിരിക്കൽ
ചെലവുകളും നിക്ഷേപവും തെറ്റായി വേർതിരിച്ചതിന് നിരവധി ഉദാഹരണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിക്കുന്നത്. റവന്യൂ ചെലവിന് കീഴിൽ അടയാളപ്പെടുത്തേണ്ട 2020-21ലെ കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷനിൽ (കെഎസ്സിഡിസി) ഗ്രാറ്റുവിറ്റിക്കായി ചെലവഴിച്ച 46.50 കോടി മൂലധന ചെലവായാണ് തരംതിരിച്ചിരിക്കുന്നത്. 2019-20 വർഷത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ട ഈ പൊരുത്തക്കേട് അടുത്ത വർഷവും അതേപടി സംഭവിച്ചുവെന്നും ഇത് ഇന്ത്യൻ ഗവൺമെന്റ് അക്കൗണ്ടിംഗ് സ്റ്റാൻഡേർഡുമായി പൊരുത്തപ്പെടുന്നതല്ലെന്നും സിഎജി വ്യക്തമാക്കി.
കൂടാതെ, ഗ്രാന്റുകൾക്കായുള്ള ആവശ്യം പലപ്പോഴും കൃത്യമായിരുന്നില്ലെന്നും ചിലപ്പോൾ ചെലവ് അനുവദിച്ച തുകയുടെ അത്ര വരാതിരിക്കുകയോ അല്ലെങ്കിൽ അനുവദിച്ച ഫണ്ടിലേറെ പണം ആവശ്യമായി വരികയോ ചെയ്തുവെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത്തരം പൊരുത്തക്കേടുകൾ കണക്കിലെടുത്ത് യാഥാർത്ഥ്യബോധമുള്ള ബജറ്റ് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനോട് സിഎജി ശിപാർശ ചെയ്തു. 2020-21-ൽ ഒരു ഗ്രാന്റിലും 50 ശതമാനത്തിൽ താഴെയുള്ള കുറഞ്ഞ ബജറ്റ് വിനിയോഗം ഉണ്ടായിട്ടില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി സിഎജി സർക്കാരിനെ അഭിനന്ദിച്ചു.
'Make the budget a little more realistic...' CAG told Kerala
Adjust Story Font
16