'ദേശീയ പതാകയെ പേടിയാണോ? ചെങ്കൊടിയാണെങ്കിൽ വാങ്ങുമല്ലോ'; ഫോട്ടോയെടുക്കാൻ വിസമ്മതിച്ച പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചതായി പരാതി
പ്രസിഡൻറ് ദേശീയ പതാകയെ അപമാനിച്ചെന്ന് കാണിച്ച് ബിജെപിയും പരാതി നൽകി
മലമ്പുഴ: ദേശീയപതാക കൈമാറാൻ വന്നപ്പോൾ ഫോട്ടോ എടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് അധിക്ഷേപിച്ചതായി മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്റെ പരാതി. മലമ്പുഴ പൊലീസിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള സി.പി.എം പ്രതിനിധി പരാതി നൽകിയത്. പഞ്ചായത്തിലെ ബിജെപി നേതാവ് മാധവദാസിന്റെ നേതൃത്വത്തിൽ എത്തിയവർ പ്രസിഡന്റിനെ അധിക്ഷേപിച്ചതെന്നാണ് പരാതി നൽകിയത്. ബിജെപി പ്രവർത്തകർ ജാതി പറഞ്ഞും തെറി പറഞ്ഞും അപമാനിച്ചെന്നും പരാതിയിലുണ്ട്.
ദേശീയ പതാകയെ പേടിയാണോയെന്നും ചെങ്കൊടിയാണെങ്കിൽ വാങ്ങുമല്ലോയെന്നും അവർ പറഞ്ഞതായി പ്രസിഡൻറ് വ്യക്തമാക്കി. ഫോട്ടോയില്ലാതെ പതാക സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവർ അംഗീകരിച്ചില്ലെന്നും ഫോട്ടോയെടുത്ത് ബി.ജെ.പി ദേശീയ നേതൃത്വത്തിന് നൽകണമെന്ന് അവർ ശാഠ്യം പിടിച്ചെന്നും പറഞ്ഞു. ചെങ്കെടിയേക്കാൾ ദേശീയ പതാകയെ ഒരു പടി മുന്നിൽ കാണുന്നയാളാണെന്നും ബി.ജെ.പി അത് പഠിപ്പിക്കേണ്ടെന്നും അവർ വ്യക്തമാക്കി. പ്രസിഡൻറ് ദേശീയ പതാകയെ അപമാനിച്ചെന്ന് കാണിച്ച് ബിജെപിയും പരാതി നൽകി.
Adjust Story Font
16