Quantcast

പള്ളിത്തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കാനാകാതെ പൊലീസ്; സാഹചര്യം കോടതിയെ അറിയിക്കും

കർമ്മപദ്ധതി തയ്യാറാക്കി വിധി നടപ്പിലാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം

MediaOne Logo

Web Desk

  • Published:

    24 July 2024 1:14 AM GMT

church issue
X

കൊച്ചി: പള്ളിത്തർക്കത്തിൽ പൊലീസ് കുരുക്കിൽ ഹൈക്കോടതിയുടെ തുടർച്ചയായ അന്ത്യശാസനത്തിലും സുപ്രിം കോടതി വിധി നടപ്പാക്കാനായില്ല. വിധി നടപ്പാക്കാനാകാത്ത സാഹചര്യം കോടതിയെ അറിയിക്കും. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം പൊലീസ് നാളെ വീണ്ടും കോടതിയെ അറിയിക്കും. കർമ്മപദ്ധതി തയ്യാറാക്കി വിധി നടപ്പിലാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം.

1934ലെ ഭരണഘടന പ്രകാരം തർക്കം നിലനിൽക്കുന്ന പള്ളികളുടെ അവകാശം ഓർത്തഡോക്സ് സഭയ്ക്ക് ആണെന്നായിരുന്നു 2017 ലെ സുപ്രിം കോടതി വിധി. പിന്നാലെ മുളന്തുരുത്തി, വടകര, കോലഞ്ചേരി അടക്കമുള്ള 63 പള്ളികൾ ഓർത്തഡോക്സ് സഭക്ക്‌ കൈമാറിയിരുന്നു. നിലവിൽ 360 പള്ളികളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. ഇതിൽ മഴുവന്നൂർ, പുളിന്താനം, ഓടക്കാലി അടക്കമുള്ള 6 പള്ളികൾക്ക് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇവിടങ്ങളിൽ സുപ്രിം കോടതി വിധി വേഗത്തിൽ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പലതവണ കേസ് പരിഗണിച്ചപ്പോഴും വിധി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് സർക്കാരിനെയും പൊലീസിനെയും നിശിതമായി വിമർശിച്ച് കൊണ്ട് കർമ്മ പദ്ധതിക്ക് രൂപം നൽകാൻ കോടതി നിർദ്ദേശിച്ചത്. കർമ്മ പദ്ധതി തയ്യാറാക്കി പള്ളികളിൽ വിധി നടപ്പിലാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദേശം. എന്നാൽ കോടതി വീണ്ടും നാളെ കേസ് പരിഗണിക്കാനിരീക്കെ ഒരു പള്ളിയിൽ പോലും വിധി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓടക്കാലി,മഴുവന്നൂർ ,പുളിന്താനം അടക്കമുള്ള പള്ളികളിലേക്ക് പൊലീസ് സംഘം എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ പ്രതിഷേധം കടുപ്പിച്ചതോടെ മടങ്ങി. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ മറികടന്ന് വിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് പൊലീസ് നാളെ കോടതിയെ അറിയിക്കും. കോടതി എന്തുപറയുന്നുവെന്നത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.



TAGS :

Next Story