വൈദ്യനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പുഴയിലിട്ടു; ചുരുളഴിഞ്ഞത് കൊടുംക്രൂരത
2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. ലക്ഷ്യം മൂലക്കുരുവിനുള്ള ഒറ്റ മൂലിയുടെ കൂട്ട് മനസിലാക്കുക.
മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ കൂട്ട് വെളിപ്പെടുത്താത്തത്തിനാണ് മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയത്. സംഭവത്തിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്ക് പുറമേ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്നത്. ലക്ഷ്യം മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ കൂട്ട് മനസിലാക്കുക. അതിന്റെ വിപണനസാധ്യത പ്രയോജനപ്പെടുത്തുക. ഒരു വര്‍ഷത്തിലേറെയാണ് ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ചത്. തടവില്‍ ഷരീഫിന് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദനങ്ങള്‍. മര്‍ദനമേറ്റിട്ടും ആ ഒറ്റമൂലിയുടെ രസഹ്യം ഷരീഫ് വെളിപ്പെടുത്തിയില്ല. ഇതിനിടെ 2020 ഒക്ടോബറില്‍ മര്‍ദനത്തിനിടെ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെയാണ് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയത്. എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നാണ് മൃതദേഹം ചാലിയാര്‍ പുഴയില്‍ തള്ളിയത്.
പ്രതികള്‍ തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകളിലേക്ക് എത്തിച്ചത്. വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും കൂട്ടുപ്രതികള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് ലഭിക്കാതായതോടൊയാണ് കൂട്ടുപ്രതികള്‍ രംഗത്തിറങ്ങിയത്. അതിന് അവര്‍ കണ്ട മാര്‍ഗം ഷൈബിന്റെ വീട്ടില്‍ മോഷണം നടത്തലായിരുന്നു. ഷൈബിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ നിര്‍ണായക ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പ് അടക്കമുള്ളവ കവര്‍ച്ച ചെയ്തു.
ഈ സംഭവം ഷൈബിന്‍ തന്നെ പൊലീസില്‍ അറിയിച്ചതാണ് കേസിലെ മറ്റൊരു വഴിത്തിരിവ്. ഷൈബിന്റെ പരാതിയില്‍ പ്രതികളിലൊരാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ ഇരുവരും ഷൈബിനൊപ്പം കൊലപാതകം നടത്തിയതും വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരങ്ങൾ നിലമ്പൂർ പൊലീസിന് കൈമാറിയതോടെയാണ് ഷൈബിന്റെ അറസ്റ്റിലേക്ക് എത്തുന്നതും ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് അറിയുന്നതും.
Summary- folk healer kidnap and murder in nilambur case update
Adjust Story Font
16