Quantcast

ജനങ്ങളെ പിഴിഞ്ഞുള്ള മലപ്പുറം മോഡല്‍ വികസനം; ലീഗിന്‍റേത് ഇരട്ടത്താപ്പ്

പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് വികസനം നടത്തുന്ന ഈ മലപ്പുറം മോഡല്‍ പൊങ്ങച്ചം ജില്ലക്ക് പരിചയപ്പെടുത്തിയത് മുസ്‌ലിം ലീഗ് തന്നെയാണ് എന്നതാണ് വിരോധാഭാസം. സര്‍ക്കാരിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് പകരം തലതിരഞ്ഞ വികസനമാതൃക സൃഷ്ടിച്ചതിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗ് തന്നെയാണ് പ്രതിസ്ഥാനത്ത് എന്ന് മനസ്സിലാവും.

MediaOne Logo

Web Desk

  • Updated:

    2021-07-10 04:40:58.0

Published:

9 July 2021 4:59 PM GMT

ജനങ്ങളെ പിഴിഞ്ഞുള്ള മലപ്പുറം മോഡല്‍ വികസനം; ലീഗിന്‍റേത് ഇരട്ടത്താപ്പ്
X

മലപ്പുറം ജില്ലയിലെ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജില്ലയിലെ പ്രബല രാഷ്ട്രീയ കക്ഷിയായ മുസ്‌ലിം ലീഗിന്റെ നേതാക്കളും ജനപ്രതിനിധികളുമാണ് വിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 'പ്രാണവായുവിന് മലപ്പുറത്ത് മാത്രം കണ്ടുവരുന്ന ഈ പ്രത്യേകതരം പിഴിഞ്ഞെടുക്കല്‍, സോറി പിരിവെടുക്കല്‍ അനുവദിക്കാനാവില്ല. ഞങ്ങളടക്കുന്ന നികുതിയും ഖജനാവിലേക്ക് തന്നെയാണ്. NB. ദാനശീലം ഒരു ബലഹീനതയായി കാണരുത്'-പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. പി.കെ അബ്ദുറബ്ബ്, നജീബ് കാന്തപുരം തുടങ്ങിയ ലീഗിന്റെ നേതാക്കളും ജനപ്രതിനിധികളുമെല്ലാം സമാനമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ലീഗ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത് എന്ന വിമര്‍ശനം ശക്തമാണ്. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് വികസനം നടത്തുന്ന മലപ്പുറം മോഡല്‍ പൊങ്ങച്ചം ജില്ലക്ക് പരിചയപ്പെടുത്തിയത് മുസ്‌ലിം ലീഗ് തന്നെയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാരിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് പകരം തലതിരഞ്ഞ വികസനമാതൃക സൃഷ്ടിച്ചതിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗ് തന്നെയാണ് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ ഒന്നാമത്തെ ഉദാഹരണമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ്. മലപ്പുറത്തും പത്തനംതിട്ടയിലും യു.ഡി.എഫ് സര്‍ക്കാര്‍ ഗവണ്‍മെന്റ് ആശുപത്രി പ്രഖ്യാപിച്ചത് ഒരേ സമയത്തായിരുന്നു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ കോളേജ് വന്നപ്പോള്‍ മലപ്പുറത്ത് മെഡിക്കല്‍ കോളേജ് വരാന്‍ 23 കോടി രൂപയാണ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത്. മലപ്പുറം മോഡല്‍ വികസനം എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത് ലീഗ് മന്ത്രിമാരുടെ കാര്‍മികത്വത്തിലായിരുന്നു. എന്നാല്‍ മലപ്പുറത്തിനൊപ്പം മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ച പത്തനംതിട്ടയില്‍ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കോടികളാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്തുകൊണ്ട് മലപ്പുറം മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് ആരും ചോദിച്ചില്ല.

മറ്റൊന്ന്‌ പയ്യനാട് സ്റ്റേഡിയമാണ്. സ്‌കൂള്‍ കുട്ടികളില്‍ നിന്നും പിരിവെടുത്താണ് ഫുട്ബോള്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2014 ജനുവരി 14ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പതിവുപോലെ മലപ്പുറം മോഡല്‍ പ്രചാരണവുമായി മുന്നില്‍ നിന്നത് മുസ്‌ലിം ലീഗ് തന്നെയായിരുന്നു. അതേ യു.ഡി.എഫ് സര്‍ക്കാരാണ് വയനാട്ടില്‍ സര്‍ക്കാര്‍ ചെലവില്‍ സ്റ്റേഡിയം ഉണ്ടാക്കിയത്.

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനമാണ് മറ്റൊരു മലപ്പുറം മോഡല്‍. അതിന് അഞ്ച് കോടിയോളം രൂപയാണ് ജില്ലയില്‍ നിന്ന് പിരിച്ചെടുത്തത്. ബാക്കി ഹഡ്‌ക്കോയില്‍ നിന്നും കടമെടുത്തു. അത് തിരിച്ചടക്കാന്‍ വിമാനത്താവളത്തില്‍ അധിക ചാര്‍ജുകള്‍ ഈടാക്കി. പോരാത്തതിന് ഇനിയും സര്‍ക്കാര്‍ ഫണ്ടനുവദിച്ചില്ലെങ്കില്‍ മുസ്‌ലിം ലീഗ് പിരിവെടുത്ത് നല്‍കുമെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ പ്രഖ്യാപനവും വന്നു.


കഴിഞ്ഞ വര്‍ഷമാണ് കോവിഡ് പ്രതിരോധത്തിന് സഹായമഭ്യര്‍ത്ഥിച്ച് കളക്ടര്‍ പാണക്കാടെത്തിയത്. മലപ്പുറത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ നിങ്ങള്‍ പിരിവെടുത്ത് തരണം എന്ന അര്‍ത്ഥത്തില്‍ തന്നെയായിരുന്നു സന്ദര്‍ശനം. ബാക്കിയുള്ള 13 ജില്ലകളിലെ ഏതെങ്കിലും രാഷ്ട്രീയ കക്ഷി നേതാവിന്റെ വീട്ടിലോ ഓഫീസിലോ അവിടത്തെ കളക്ടര്‍മാര്‍ ചെന്നില്ല. ഏതെങ്കിലും മതനേതാവിന്റെ വീട്ടിലും ചെന്നില്ല. മലപ്പുറത്ത് മാത്രം കളക്ടര്‍ കൃത്യമായി പാണക്കാട്ടെത്തി. അന്ന് കളക്ടര്‍ പാണക്കാട് വന്നു ചോദിച്ചു എന്നും പറഞ്ഞു ആറ് കോടിയോളം രൂപ പിരിവെടുത്തും എം.എല്‍.എ, എം.പി ഫണ്ടും വഴി ലീഗ് ജില്ലാ ഭരണകൂടത്തിന് നല്‍കി.

പ്രാണവായു പദ്ധതിക്കെതിരെ ലീഗ് ഉന്നയിക്കുന്ന പ്രധാനവിമര്‍ശനം ജനപ്രതിനിധികളോട് ആലോചിച്ചില്ല എന്നതാണ്. പദ്ധതിയെക്കുറിച്ച് കൃത്യമായി അറിയില്ല, കളക്ടറോട് തന്നെ ചോദിക്കണം എന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. പതിവുപോലെ പാണക്കാടെത്തി അഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കില്‍ ഇത്തവണയും ലീഗ് നേതൃത്വം തന്നെ ഇതിനും പിരിവെടുത്ത് നല്‍കുമായിരുന്നു എന്ന് തന്നെയാണ് ലീഗ് നേതൃത്വം പറയാതെ പറയുന്നത്. ജില്ലയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഭരണകൂടങ്ങളില്‍ നിന്ന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നതിന് പകരം എല്ലാ ഭാരവും ജനങ്ങളില്‍ ചാര്‍ത്തുന്ന മലപ്പുറം മോഡല്‍ ലീഗിന്റെ തന്നെ സംഭാവനയാണ്. അതാവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം ചെയ്യുന്നത്.

മലപ്പുറം മോഡൽ എന്ന് വിളിക്കുന്ന ഈ വഞ്ചനയെ മലപ്പുറത്തിന് പരിചയപ്പെടുത്തിയത് മുസ്‌ലിംലീഗ് ആണെന്ന് എസ്ഡിപിഐ നേതാവ് ഇർഷാദ് മൊറയൂർ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. മറ്റു ജില്ലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ചെലവിൽ ചെയ്യുമ്പോൾ മലപ്പുറത്ത് മാത്രം വികസന പദ്ധതികൾക്ക് വേണ്ടി മാറ്റി വച്ച ഫണ്ടുകൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു.

TAGS :

Next Story