മലപ്പുറം വാഴക്കാട്ട് യുവതി വീടിന് മുകളിൽ മരിച്ചനിലയിൽ
മരണത്തിൽ ദുരുഹതയുണ്ടെന്ന നിലപാടിലാണ് നജ്മുന്നിസയുടെ ബന്ധുക്കൾ. കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത്.
death
കൊണ്ടോട്ടി: മലപ്പുറം വാഴക്കാട് ചെറുവട്ടൂരിൽ യുവതിയെ വീടിന് മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കാട് സ്വദേശി നജ്മുന്നിസയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഭർത്താവ് മൊയ്തീൻ ആണ് മൃതദേഹം ആദ്യം കണ്ടത്. നജ്മുന്നിസയുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിന് സമീപത്തുനിന്ന് കണ്ടെത്തി.
സ്വന്തം വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് നജ്മുന്നിസ കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് പോയതെന്നാണ് ഭർത്താവ് മൊയ്തീൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. വീട്ടിൽ താൻ ഒറ്റക്കായിരുന്നു. രാത്രി വീടിന്റെ ടെറസിൽനിന്ന് മൊബൈൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. പോയി നോക്കിയപ്പോഴാണ് നജ്മുന്നിസയെ മരിച്ചനിലയിൽ കണ്ടതെന്നും മൊയ്തീൻ പറഞ്ഞു.
എന്നാൽ മരണത്തിൽ ദുരുഹതയുണ്ടെന്ന നിലപാടിലാണ് നജ്മുന്നിസയുടെ ബന്ധുക്കൾ. കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരുമടക്കം പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Adjust Story Font
16