സിനിമ റിലീസിൽ ആശങ്ക; വെള്ളിയാഴ്ച മലയാള സിനിമകൾ തീയറ്ററുകളിലെത്തുമെന്ന് ഉറപ്പില്ല
അതേസമയം മരയ്ക്കാർ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ എതിർക്കില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
സംസ്ഥാനത്ത് മലയാള സിനിമകളുടെ റിലീസിങ് ആശങ്കയിൽ. വെള്ളിയാഴ്ച മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിർമാതാക്കളും വിതരണക്കാരും അറിയിച്ചു.
നാളത്തെ ഫിലിം ചേംബർ യോഗത്തിന് ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. തീയറ്ററുടമകൾ ഏകപക്ഷീയമായി തീരുമാനം എടുക്കാൻ പാടില്ലായിരുന്നുവെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ അടച്ചിട്ട സംസ്ഥാനത്തെ തീയറ്ററുകൾ ഇന്നലെയാണ് വീണ്ടും തുറന്നത്.
സിനിമ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഗണിക്കാൻ സർക്കാരിന്റെ നിലപാട് പുറത്തുവന്നതിന് ശേഷം മാത്രമേ റിലീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുകയൂള്ളൂ എന്നും നിർമാതാക്കളും വിതരണക്കാരും കൂട്ടിച്ചേർത്തു.
അതേസമയം മരയ്ക്കാർ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ എതിർക്കില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. നിർമാതാക്കളെ സംബന്ധിച്ച് ഇത്തരം സിനിമകളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീയറ്റർ റിലീസ് ലാഭമാകില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. കൂടാതെ നേരത്തെ 200 തീയറ്ററുകൾ മരയ്ക്കാറിന് നൽകാമെന്ന് അറിയിച്ചെങ്കിലും പിന്നീട് 84 തീയറ്ററുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിർമാതാക്കൾ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.
Adjust Story Font
16