മലയാള വർഷത്തിൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കവുമായി ഇന്ന് പൊന്നിൻ ചിങ്ങ പിറവി
ഇത്തവണ ചിങ്ങം പുലരുന്നത് പുതിയ നൂറ്റാണ്ടിലേക്കാണ്. കൊല്ലവർഷം 1200ലേക്ക് കടക്കുമ്പോൾ 13-ാം നൂറ്റാണ്ട് പിറക്കുകയാണ്.
കോഴിക്കോട്: മലയാള വർഷത്തിൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കവുമായി ഇന്ന് പൊന്നിൻ ചിങ്ങ പിറവി. കൊല്ലവർഷം 1200ലേക്ക് കടക്കുകയാണ് കേരള നാട്. ഇനി തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്.
പഞ്ഞക്കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങ പുലരിയാണ് മലയാളിക്ക് കൊല്ലവർഷാരംഭം. ഇത്തവണ ചിങ്ങം പുലരുന്നത് പുതിയ നൂറ്റാണ്ടിലേക്കാണ്. കൊല്ലവർഷം 1200ലേക്ക് കടക്കുമ്പോൾ 13-ാം നൂറ്റാണ്ട് പിറക്കുകയാണ്. എ.ഡി 825 ആഗസ്റ്റിലാണ് കൊല്ലവർഷം തുടങ്ങിയതെന്നാണ് കരുതുന്നത്.
ചേരമാൻ പെരുമാൾ പന്തലായനി കൊല്ലത്തുവച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണ്ക്കാണ് കൊല്ലവർഷം തുടങ്ങിയതെന്നാണ് ഡച്ച് ചരിത്രകാരനായ കാന്റർ വിഷറുടെ വാദം. കൊലവർഷത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഇതുപോലെ നിരവധി സിദ്ധാന്തങ്ങളും നിലവിലുണ്ട്. ഇംഗ്ലീഷ് കലണ്ടറിലേതു പോലെ 12 മാസങ്ങളും ഞായർ മുതൽ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവർഷത്തിലും. എന്നാൽ 28 മുതൽ 32 ദിവസം വരെ ദൈർഘ്യമാണ് മാസങ്ങൾക്കുള്ളത്.
ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. സമ്പദ്‌സമൃദ്ധമായ കാർഷിക സംസ്‌കൃതിയുടെ ഓർമപ്പെടുത്തൽ. ഇനിയുള്ള നാളുകൾ പൊന്നോണത്തിനായുള്ള കാത്തിരിപ്പാണ്. എങ്ങും പൂക്കൾ വസന്തം വിടർത്തുന്ന നാളുകൾ. ചിങ്ങം 20 സെപ്തംബർ അഞ്ചിനാണ് അത്തം, തിരുവോണം സെപ്തംബർ 15 നും.
Adjust Story Font
16