കേരളത്തിൽ നിന്ന് ഇസ്രയേൽ സന്ദർശനത്തിന് പോയ കർഷക സംഘം നാട്ടിലെത്തി
പുലർച്ചെ 3:30നാണ് സംഘം കൊച്ചിയിൽ എത്തിയത്
ഇസ്രായേലില്‍ നിന്നും മടങ്ങിയെത്തിയ സംഘം
കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേൽ സന്ദർശനത്തിന് പോയ കർഷക സംഘം മടങ്ങിയെത്തി. സംഘത്തിൽ 26 പേരാണ് ഉണ്ടായിരുന്നത്. പുലർച്ചെ 3:30നാണ് സംഘം കൊച്ചിയിൽ എത്തിയത്. ബിജു കുര്യൻ മുങ്ങിയത് 6 ദിവസത്തെയും പഠനം പൂർത്തിയാക്കിയ ശേഷമാണെന്ന് ബിജു കുര്യന് ഒപ്പമുണ്ടായിരുന്ന കർഷകൻ തൃശൂർ സ്വദേശി ജോബി ഡേവിഡ് മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി.
സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16