Quantcast

ബെം​ഗളൂരുവിൽ എട്ടുപേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

എറണാകുളം പുത്തൻവേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലൻ അനുരാജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    4 Jan 2025 10:45 AM GMT

Malayali student donated organs to eight people
X

തിരുവനന്തപുരം: പുതുവർഷദിനം ബെം​ഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ടുപേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കർണാടകയിലെ വിവിധ ആശുപത്രികൾക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നൽകുന്ന കർണാടക സർക്കാരിന്റെ 'ജീവസാർഥകത്തേ'യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദുഃഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ടുപേർക്ക് പുതു ജീവൻ നൽകാൻ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എറണാകുളം പുത്തൻവേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലൻ അനുരാജ് (19) ബെം​ഗളൂരു സപ്തഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഫിസിയോതെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബെം​ഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് യശ്വന്ത്പൂർ സ്പർശ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

അമൽ, ആൽവിൻ എന്നിവർ സഹോദരങ്ങളാണ്. പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയത്തിൽ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.

TAGS :

Next Story