Quantcast

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു, ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ൾ

അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-11-08 04:51:14.0

Published:

8 Nov 2024 2:53 AM GMT

k Gopalakrishnan
X

തിരുവനന്തപുരം:മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു. ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗ്ള്‍ പൊലീസിന് മറുപടി നൽകി. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു.

ഗോപാലകൃഷ്ണൻ പ്ലേ സ്റ്റോറിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിച്ചിട്ടില്ല. ഗോപാലകൃഷ്ണന്‍റെ ഫോണിൽ വേറെ ഐപി അഡ്രസ് ഉപയോഗിച്ച് ഇടപെടൽ നടന്നിട്ടില്ലെന്നും കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്ക് ഫോറൻസിക് പരിശോധനാ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. ഇന്ന് ഗോപാലകൃഷ്ണന്‍റെ രണ്ട് ഫോണുകളുടെയും ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കും . ലഭിച്ചാൽ ഉടൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട്‌ കൈമാറും.

വിവാദ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍റെ ഫോണില്‍ നിന്ന് തന്നെയെന്നായിരുന്നു മെറ്റയുടെ മറുപടി. വാട്‌സ്ആപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തിൽ വ്യക്തത തേടി സൈബർ പൊലീസ് കഴിഞ്ഞ ദിവസമാണ് മെറ്റയ്ക്ക് കത്തയച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍റെ ഫോണിൽ നിന്നാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനാണ് അതെ എന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ മറുപടി പറഞ്ഞില്ല.

ഈയിടെയാണ് സംസ്ഥാനത്തെ മുതിർന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന വിവരം പുറത്താകുന്നത്. അഡ്മിനാകട്ടെ, ഗോപാലകൃഷ്ണനും. ഗ്രൂപ്പിന്‍റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥർ ചില ചോദ്യങ്ങൾ ഉയർത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടർന്നാണ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ മെസ്സേജ് അയക്കുന്നത്. തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്‍റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം.

സംഭവം ചർച്ചയായതോടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നാരോപിച്ച് ഗോപാലകൃഷ്ണൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി കമ്മീഷണർ സിറ്റി സൈബർ പൊലീസിന് കൈമാറി. ഇതിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബർ പൊലീസ് അറിയിച്ചു. പരിശോധിച്ച് ശേഷം നടപടിയെടുക്കുമെന്നായിരുന്നു വകുപ്പുമന്ത്രിയുടെ പ്രതികരണം.



TAGS :

Next Story