വാദം പൊളിഞ്ഞു; ഗോപാലകൃഷ്ണന്റെ ഫോൺ ആരും ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസ്
ഗ്രൂപ്പ് ഉണ്ടാക്കിയ ഫോൺ രണ്ട് തവണ ഫോർമാറ്റ് ചെയ്ത് ഹാജരാക്കിയെന്നും പൊലീസ്
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ കള്ളത്തരം തുറന്നു കാട്ടിയുള്ള പോലീസ് റിപ്പോർട്ട് പുറത്ത്. ഗോപാലകൃഷ്ണന്റെ ഫോൺ ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോൺ രണ്ട് തവണ ഫോർമാറ്റ് ചെയ്ത് ഹാജരാക്കിയെന്നും പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കിയത് മറ്റൊരു ഫോണെന്നും റിപ്പോർട്ടിലുണ്ട്..
ഒക്ടോബർ 31നാണ് മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വാർത്ത പുറത്തെത്തുന്നത്. ഇതേദിവസം തന്നെ ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു എന്നാണ് വിവരം. പിറ്റേദിവസം ഉച്ചയ്ക്ക് ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കാട്ടി ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഗോപാലകൃഷ്ണൻ മെസേജ് അയച്ചു. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം പൊലീസിൽ പരാതിയും നൽകി.
സംഭവത്തിൽ ഗൂഗിൾ, മെറ്റ അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തുടർന്ന് നവംബർ 9ാം തീയതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പിന്നീട് പൊലീസ് മേധാവി അഡീഷണർ ചീഫ് സെക്രട്ടറിക്ക് നൽകിയ ഈ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
റിപ്പോർട്ടിൽ പൊലീസ് പറയുന്നത് ഇങ്ങനെ:
രണ്ട് ഫോണുകളാണ് കേസിൽ ഗോപാകൃഷ്ണൻ ഹാജരാക്കിയത്. ആദ്യം ഹാജരാക്കിയ ഐഫോണിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല. ഈ ഫോണിൽ വാട്‌സ്ആപ്പും ഉണ്ടായിരുന്നില്ല.
എന്നാൽ രണ്ടാമത് ഹാജരാക്കിയ സാംസങ് ഫോണിലാണ് ഫൊറൻസിക് പരിശോധനയും ഗൂഗിൾ,മെറ്റ എന്നിവരിൽ നിന്നുള്ള വിവരശേഖരണവും ഒക്കെ നടന്നത്. നവംബർ 6ന് പൊലീസിന് ഫോൺ കൈമാറുന്നതിന് മുമ്പായി അതിൽ ഫാക്ടറി റീസെറ്റ് നടന്നു. രണ്ട് തവണ പിന്നീട് ഫോൺ റീസെറ്റ് ചെയ്തു.
തെളിവുകൾ നശിപ്പിക്കുക എന്ന ഗുരുതര കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഒന്നിലധികം തവണ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ നഷ്ടപ്പെട്ടു. ഫോൺ ഫോർമാറ്റ് ചെയ്തത് സംശയങ്ങൾക്കിടയാക്കുന്നതാണ്.
ഗോപാലകൃഷ്ണന് സർക്കാർ സംരക്ഷണമൊരുക്കുന്നു എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളെത്തിയിരുന്നു. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോൾ ഇദ്ദേഹം ആകെ അന്ധാളിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഞ്ചോ ആറോ മിനിറ്റ് ഫോൺ ഓഫ് ചെയ്ത് വെച്ചതിന് ശേഷമാണ് ഗ്രൂപ്പിൽ നിന്ന് ആളുകളെ റിമൂവ് ചെയ്തതെന്നും പൊലീസ് പറയുന്നു.
Adjust Story Font
16