'കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും'; ഷജീറ എംഎസ്‌സി മാത്‌സ് ബിരുദധാരി, ഷിഹാബ് നോക്കിയത് നിറം
വെള്ളത്തിൽ നിന്ന് ഷജീറയെ രക്ഷപെടുത്തിയെങ്കിലും കൃത്രിമശ്വാസം കൊടുക്കാനും ഷിഹാബ് സമ്മതിച്ചില്ല
കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെ വെള്ളത്തിലേക്ക് തള്ളിയിട്ടു കൊല്ലാൻ പ്രതി ഷിഹാബിനെ പ്രേരിപ്പിച്ചത് അപകർഷതാബോധം. രണ്ടാം വിവാഹമായിരുന്നെങ്കിലും ഭാര്യ കറുത്തതായത് വലിയ കുറവായാണ് ഷിഹാബ് കണ്ടിരുന്നത്. നിറത്തിന്റെ പേരിൽ ഷജീറയെ ഷിഹാബ് നിരന്തരം പരിഹസിച്ചിരുന്നതായും ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഷിഹാബിന്റെ പ്രവൃത്തികൾ മൂലം ആദ്യഭാര്യ ബന്ധം വേർപെടുത്തുകയായിരുന്നുവെന്നാണ് വിവരം.
തക്കം കിട്ടുമ്പോഴൊക്കെ പരിഹസിച്ചും മറ്റുള്ളവരുടെ മുന്നിൽ ഭാര്യയെ അപമാനിച്ചും ഏഴ് മാസം മാത്രമാണ് പുനലൂർ വാളക്കോട് സ്വദേശി ഷജീറയുമായുള്ള ദാമ്പത്യം ഷിഹാബ് തുടർന്നത്. ഇതിനോടകം തന്നെ ഷജീറയെ മാനസികമായി പല തവണ ഇയാൾ പീഡിപ്പിച്ചിരുന്നു. കാറും അമ്പത് പവനും സ്ത്രീധനം നൽകിയാണ് ഷജീറയെ ഷിഹാബിനെ വിവാഹം കഴിപ്പിച്ചു കൊടുത്തത്. എന്നാൽ ഷജീറ കറുത്തതായത് പതിയെ ഷിഹാബിൽ അപകർഷതാബോധമുണ്ടാക്കി.
ഒരു തവണ വിവാഹമോചനം നേടിയതിനാൽ വീണ്ടും ബന്ധം വേർപെടുത്തുന്നത് നാണക്കേടുണ്ടാക്കും എന്ന തോന്നലിലാണ് ഷജീറയെ കൊലപ്പെടുത്തണം എന്ന തീരുമാനത്തിലേക്ക് ഷിഹാബെത്തുന്നത്. ഇതിനായി സംഭവദിവസം വൈകുന്നേരം കരിമീൻ വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷജീറയെ വീട്ടിൽ നിന്നും ആറു കിലോമീറ്റർ അകലെയുള്ള കല്ലട കല്ലുംമൂട്ടിൽ കടവിൽ കൊണ്ടുപോയി. മീനില്ല എന്ന് അറിഞ്ഞിട്ടും തലവേദന അഭിനയിച്ച് വീട്ടിൽ പോകാതെ നിന്ന ഷിഹാബ് ആളൊഴിഞ്ഞ തക്കം നോക്കി തൊട്ടടുത്ത ബോട്ടു ജെട്ടിയിലേക്ക് പോവുകയും ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു.
വെള്ളത്തിൽ കിടന്ന് ഷജീറ നിലവിളിച്ചിട്ടും ഇയാൾ രക്ഷപെടുത്താൻ ശ്രമിച്ചില്ല. ആദ്യം എന്തോ വീണു എന്നും പിന്നീട് ആരോ വീണു എന്നുമാണ് ഷിഹാബ് ഓടിക്കൂടിയ നാട്ടുകാരോട് പറഞ്ഞിരുന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഫോൺ വിളിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളത്തിൽ നിന്ന് ഷജീറയെ രക്ഷപെടുത്തിയെങ്കിലും കൃത്രിമശ്വാസം കൊടുക്കാനും ഷിഹാബ് സമ്മതിച്ചില്ല. പിന്നീട് ഷജീറയെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയിൽ ഇയാളും അസ്വസ്ഥത അഭിനയിച്ച് കിടന്നു. ഷിഹാബിന്റെ പ്രവൃത്തിയിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ ഷജീറയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് നൽകിയ പരാതിയിലാണ് കേസ് ലോക്കൽ പൊലീസ് അന്വേഷിക്കുന്നതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണമാരംഭിക്കുന്നതും. ദൃക്‌സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് കേസിൽ അന്വേഷണം വൈകിപ്പിച്ചിരുന്നു. ഒടുവിൽ എട്ട് വർഷങ്ങൾക്കിപ്പുറം ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഷജീറയുടെ സ്വത്ത് കൈക്കലാക്കുക എന്ന ഉദ്ദേശവും കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് എസ്പി എസ്.രാജൻ അറിയിക്കുന്നത്. എംഎസ്‌സി മാത്സ് ബിരുദധാരിയാണ് കൊല്ലപ്പെട്ട ഷജീറ. കൊല നടന്ന ദിവസമാണ് സെറ്റ് പരീക്ഷയുടെ റിസൾട്ട് വരുന്നത്. ഇതിൽ ഷജീറ വിജയിച്ചിരുന്നു.
Adjust Story Font
16