ഇയര്‍ഫോണ്‍,ലോക്കറ്റ്,സ്ക്രൂ; 40 കാരന്‍റെ വയറ്റില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
രണ്ടു ദിവസവും കടുത്ത പനിയും വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
൪൦കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്ത വസ്തുക്കള്‍
മോഗ: വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40കാരന്‍റെ വയറ്റില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. പഞ്ചാബിലെ മോഗയിലാണ് സംഭവം. ഇയര്‍ഫോണ്‍,ലോക്കറ്റുകള്‍, സ്ക്രൂ, ചരടുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തത്.
രണ്ടു ദിവസവും കടുത്ത പനിയും വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്ന് കഴിച്ചിട്ടും വയറുവേദന മാറാത്തതിനാല്‍ വേദനയുടെ കാരണം കണ്ടെത്താന്‍ സ്കാന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കാനിംഗിൽ ഇയാളുടെ വയറ്റിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി.മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഇവ പുറത്തെടുക്കുകയും ചെയ്തു. ഇയർഫോണുകൾ, വാഷറുകൾ, നട്ട്‌സ് ആൻഡ് ബോൾട്ടുകൾ, വയറുകൾ, രാഖികൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, ഒരു സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിവ അദ്ദേഹത്തിന്‍റെ വയറ്റിൽ നിന്ന് പുറത്തെടുത്ത നൂറോളം വസ്തുക്കളിൽ ഉൾപ്പെടുന്നു.
ആദ്യമായിട്ടാണ് ഇത്തരമൊരു കേസ് നേരിടുന്നതെന്നും രണ്ട് വർഷമായി ഇയാൾക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രി ഡയറക്ടർ ഡോ.അജ്മീർ കൽറ പറഞ്ഞു.ശരീരത്തിൽ നിന്ന് എല്ലാ വസ്തുക്കളും നീക്കം ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർ പറഞ്ഞു. ഈ വസ്തുക്കൾ വളരെക്കാലമായി അയാളുടെ വയറ്റിൽ ഉണ്ടായിരുന്നു. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിനാണ് അദ്ദേഹം ഇതൊക്കെ കഴിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് കുടുംബം വ്യക്തമാക്കി. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മകന് വയറുവേദനയുണ്ടെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. മുന്‍പ് നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നുവെങ്കിലും ആർക്കും വേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
Adjust Story Font
16