പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര് കസ്റ്റഡിയില്‍
ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
ഒലവക്കോട്: പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേര് റഫീഖിനെ മര്‍ദിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷിയായ ബിനു പറഞ്ഞു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളില്‍ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പ്രതികളില്‍ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
മര്‍ദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- "ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് നോക്കിയതാണ്. അപ്പോള്‍ കുറേപ്പേര് കൂടിനില്ക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവര്‍ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാള്‍ നിലത്തുവീണതു കണ്ടു. അപ്പോള്‍ത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരില്‍ കുറച്ചുപേര്‍ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മര്‍ദിച്ചതെന്ന് പറയുന്നതുകേട്ടു"
Adjust Story Font
16