ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ കൂവൽ; യുവാവ് കസ്റ്റഡിയിൽ
ഇയാൾ ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് അല്ല.
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവല്‍. കൂവിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോമിയോ എം. രാജ് എന്നയാളെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.
ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടെയാണ് സദസിലിരുന്ന റോമിയോ എം. രാജ് കൂവിയത്. തൊട്ടുപിന്നാലെ പൊലീസ് ഇടപെടുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഇയാൾ ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് അല്ല. 2022ലെ പാസാണ് കൈവശം ഉള്ളതെന്നാണ് വിവരം. അതേസമയം, വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.
മൂന്നു പതിറ്റാണ്ടോളം ചരിത്രമുള്ള മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ഏറ്റവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ ഇന്ന് അറിയപ്പെടുന്നതായും പറഞ്ഞു. അത് അഭിമാനകരമായ കാര്യമാണെന്നും ചലച്ചിത്ര പ്രദർശനത്തിനപ്പുറമുള്ള ചർച്ചകൾ ഇവിടെ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16