കൊച്ചിയിൽ എ.എസ്.ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി
വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു
കൊച്ചിയിൽ എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു. പൾസർ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു.
പള്‍സര്‍ സുനിക്ക് ദിലീപിനെ വിളിക്കാന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയതും വിഷ്ണുവാണ്. പിന്നീട് ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന്‍റെ മാനേജര്‍ക്ക് കൈമാറിയതും വിഷ്ണു അരവിന്ദ് ആയിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് വിഷ്ണു അരവിന്ദ്.
ലുലു മാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ വിഷ്ണു എ.എസ്.ഐയെ കത്തി കൊണ്ടു കുത്തുകയായിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് എഎസ്ഐ ഗിരീഷ് കുമാറിനെ വിഷ്ണു കുത്തിപ്പരിക്കേല്‍പിച്ചത്. പൊലീസ് ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡിൽ വച്ച് വിഷ്ണുവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജങ്ഷനിലേക്കു വന്ന വിഷ്ണുവിനെ അവിടെ വച്ചു പൊലീസ് വളഞ്ഞിട്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എ.എസ്.ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വിഷ്ണു എ.എസ്.ഐയുടെ കയ്യിൽ കുത്തി. ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി കീഴടക്കുകയായിരുന്നു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. നിലവില്‍ വിഷ്ണു റിമാന്‍ഡിലാണ്. കാക്കനാട് ജയിലിലാണ് ഇപ്പോഴുള്ളത്.
Adjust Story Font
16