Quantcast

'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

'ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്, ഒരിക്കലും മതങ്ങൾ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചിട്ടില്ല'

MediaOne Logo

Web Desk

  • Published:

    4 Oct 2024 5:03 AM GMT

Thought there would be a peaceful life after finding Arjun; Manaf
X

കോഴിക്കോട്: തനിക്കെതിരെ അർജുൻ്റെ കുടുംബം നൽകിയ കേസിൽ പ്രതികരിച്ച് ലോറിയുടമ മനാഫ്. അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താൻ കരുതിയതെന്ന് മനാഫ് പറഞ്ഞു. വിതുമ്പിയാണ് മനാഫ് മാധ്യമങ്ങളോടു സംസാരിച്ചത്.

മനാഫിനെതിരെ അർജുന്റെ സഹോദരി അഞ്ജു പൊലീസിൽ പരാതി നൽകിയിരുന്നു. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

'ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്, ഒരിക്കലും മതങ്ങൾ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചിട്ടില്ല. ഇതുവരെ ഞാൻ അർജുൻ്റെ കുടുംബത്തിനോടൊപ്പം തന്നെയാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നെ എങ്ങനെ കേസിൽ കുടുക്കിയാലും ഞാൻ അവരുടെ കൂടെ തന്നെയുണ്ടാകും. ഇന്ന് രാവിലെയാണ് എനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞത്. ഇന്നലെ മാപ്പുപറഞ്ഞപ്പോൾ എല്ലാം തീർന്നെന്നാണ് കരുതിയത്.'- മനാഫ് പറഞ്ഞു.

മനാഫും മുങ്ങൽ വിദഗ്ധർ ഈശ്വർ മാൽപെയും അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ അർജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്ന് മനാഫ് ഇന്നലെ പറഞ്ഞിരുന്നു. അവിചാരിതമായാണ് വിവാദം ഉണ്ടായതെന്നും അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും മനാഫ് പറഞ്ഞു. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ലെന്നും തന്റെ വ്യക്തിത്വം അങ്ങനെ ആണെന്നും മനാഫ് കൂട്ടിച്ചേർത്തു. ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടതെന്നും ഇത് തുടർന്നു പോകാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story