കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്: അന്വേഷണം ബിജെപി പ്രാദേശിക നേതാക്കളിലേക്കും
കെ.സുന്ദരയെ അന്വേഷണസംഘം കർണാടകയിലെത്തിച്ചു തെളിവെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ബിജെപിയുടെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം. വാണിനഗറിലുള്ള വീട്ടിലെത്തി സുന്ദരയോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച ചില നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. സുന്ദര പത്രിക പിൻവലിച്ച മാർച്ച് 22നായിരുന്നു ഇത്. അതേസമയം കെ.സുന്ദരയെ അന്വേഷണസംഘം കർണാടകയിലെത്തിച്ചു തെളിവെടുത്തു.
മഞ്ചേശ്വരത്തെ ബിജെപിയുടെ പ്രാദേശിക നേതാക്കളും കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം ചോദ്യംചെയ്ത സുനിൽ നായിക്കും സുന്ദരക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സുനിൽ നായിക് തന്നെയാണ് ഫേസ് ബുക്കിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇവ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ബിജെപി നേതാക്കൾ പ്രചരിപ്പിച്ച പോസ്റ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിനു ശേഷം ചോദ്യംചെയ്യൽ നടപടികളിലേക്ക് കടക്കും. സുന്ദരയുടെയും അമ്മയുടെയും മറ്റ് സാക്ഷികളുടെയും രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം സുന്ദരയെ ദക്ഷിണ കന്നഡ ജില്ലയിലെ മുണ്ടൂരിലുള കുടുംബവീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോഴപ്പണത്തിൽനിന്ന് കുടുംബ വീടിന്റെ അറ്റകുറ്റപ്പണിക്കും സഹോദരി പുത്രനും പണം നൽകിയെന്ന് സുന്ദര മൊഴി നൽകിയിരുന്നു. ഈ പണം വീണ്ടെടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചത്. പത്രിക പിൻവലിക്കാൻ കോഴ ലഭിച്ചതായി വെളിപ്പെടുത്തിയതിനുശേഷം സുന്ദര ഈ വീട്ടിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്.
Adjust Story Font
16