Quantcast

മഞ്ചേശ്വരം കോഴക്കേസ്: മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ്

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം. ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നുസുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

MediaOne Logo

Web Desk

  • Published:

    23 Sep 2021 1:44 AM GMT

മഞ്ചേശ്വരം കോഴക്കേസ്: മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ്
X

മഞ്ചേശ്വരം കോഴക്കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം. ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കണമെന്ന് കെ.സുരേന്ദ്രനോട് ചോദ്യം ചെയ്യലിനിടെ അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്‍റെ മൊഴി. എന്നാൽ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെയാണ് പരിശോധനയ്ക്കായി ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. ഈ ഹോട്ടലിൽ നിരവധി തവണ സുരേന്ദ്രൻ എത്തിയിരുന്നതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് ക്രൈംബ്രാ‍ഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. പ്രധാന മൊഴികളെല്ലാം വൈരുദ്ധ്യമുള്ളതായി തെളിഞ്ഞതോടെ സുരേന്ദ്രനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഫോൺ പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. കെ.സുരേന്ദ്രനു പുറമെ ബി.ജെ.പി പ്രാദേശിക നേതാക്കളെ കൂടി പ്രതി ചേർത്തതോടെ അന്വേഷണ റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.



TAGS :

Next Story