മാന്നാർ കൊലപാതക കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും
ഒന്നാം പ്രതി അനിലിന്റെ സുഹൃത്തായ ഒരാളെ ഇന്ന് നെടുങ്കണ്ടത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു
ആലപ്പുഴ: മാന്നാർ കൊലപാതക കേസിന്റെ ചുരുളഴിക്കാൻ മൂന്ന് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. സുഹൃത്തുക്കളടക്കമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യത ഉണ്ട്. അതേസമയം, വിശദമായ വിവരശേഖരണത്തിനു ശേഷമേ പ്രതികളുമായുള്ള തെളിവെടുപ്പ് നടത്തുകയുള്ളൂ.
കസ്റ്റഡിൽ ലഭിച്ചു മൂന്നാം ദിവസം ആകുമ്പോൾ കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ഒന്നാം പ്രതി അനിലിന്റെ സുഹൃത്തായ ഒരാളെ ഇന്ന് പുലർച്ചെ ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. 15 വർഷങ്ങൾക്ക് മുൻപ് അനിലിന് ഉണ്ടായിരുന്ന ബന്ധങ്ങളെ പറ്റിയാണ് ഇയാളിൽ നിന്ന് അറിയാൻ ശ്രമിക്കുന്നത്.
സുഹൃത്തുക്കളുടെ പട്ടിക തയ്യാറാക്കി കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്നു അനിൽകുമാർ. അതിനാൽ അനിലിന്റെ അബ്കാരി ബന്ധങ്ങളെ പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ അന്വേഷണസംഘത്തെ മൂന്നായി തിരിച്ചു. മൂന്ന് പ്രതികളെയും സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ പ്രതികളുടെ വീട്ടിലും പരിസരത്തും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. മുഖ്യ പ്രതി അനിൽകുമാറിനെ നാട്ടിൽ എത്തിച്ചാൽ മാത്രമേ അന്വേഷണം പൂർണ പുരോഗതിയിലേക്ക് എത്തുകയുള്ളൂ. വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കേസ് ആയതിനാൽ പ്രതികളിൽ നിന്ന് പഴുതുകൾ ഇല്ലാതെ വിവര ശേഖരണം നടത്തിയ ശേഷം മാത്രമായിരിക്കും തെളിവെടുപ്പിലേക്ക് പൊലീസ് കടക്കുക. അനിൽകുമാറിന്റെ ബന്ധുക്കളെയും നാട്ടുകാരെയും അടക്കം കൂടുതൽ പേരെ വരും ദിവസങ്ങളിലും പൊലീസ് ചോദ്യം ചെയ്‌തേക്കും.
Adjust Story Font
16