Quantcast

പൊലീസ് കസ്റ്റഡിയിൽ എടുത്ത മനോഹരൻ മരിച്ച സംഭവം; എസ്.ഐ ജിമ്മി ജോസിനെതിരെ മുമ്പും സമാനമായ പരാതികള്‍

സ്റ്റേഷനിൽ വന്ന ചെറുപ്പക്കാരൻ പോക്കറ്റിൽ കൈ ഇട്ടെന്ന് ആരോപിച്ച് അയാളെ ക്രൂരമായി മർദിച്ചെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്

MediaOne Logo

Web Desk

  • Updated:

    2023-03-26 06:51:57.0

Published:

26 March 2023 6:46 AM GMT

Manoharan,  police custody, complaints,  SI Jimmy Jose
X

തൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയിൽ എടുത്ത മനോഹരൻ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐ ജിമ്മി ജോസിനെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയർന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഹോട്ടൽ നടത്തുന്ന സഹോദരങ്ങളെ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. മാർച്ച് നാലിനാണ് ജിമ്മി ജോസിനെതിരെ പരാതി വന്നത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. തൃപ്പൂണിത്തുറയിലെ സഹോദരങ്ങളും മറ്റൊരു ഹോട്ടൽ ഉടമയും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് മർദിച്ചത്. പോക്കറ്റിൽ കൈയ്യിട്ടെന്ന് ആരോപിച്ചായിരുന്നു മർദിക്കാൻ തുടങ്ങിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സംഭവത്തിന് മൂന്ന് ആഴ്ചക്ക് ശേഷവും റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

പൊലീസ് കസ്റ്റഡിയിൽ എടുത്ത മനോഹരൻ മരിച്ച സംഭവത്തിൽ ഗുരുതരമായ നടപടികളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും മനസാക്ഷി ഇല്ലാത്ത പൊലീസുകാരാണ് തൃപ്പൂണിത്തറ ഹിൽ പൊലീസ് സ്റ്റേഷനിലുള്ളതെന്നും എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. മുൻകാലങ്ങളിലും തൃപ്പൂണിത്തറ സ്റ്റേഷനിലെ പൊലീസുകാരെക്കുറിച്ച് പരാതി ഉണ്ടായിട്ടുണ്ടെന്നും രണ്ടാഴ്ച മുൻപ് സ്റ്റേഷനിൽ വന്ന ചെറുപ്പക്കാരൻ പോക്കറ്റിൽ കൈ ഇട്ടെന്ന് ആരോപിച്ച് അയാളെ ക്രൂരമായി മർദിച്ചെന്നും ഷിയാസ് പറഞ്ഞു.

'പൊലീസുകാർ ക്രിമിനലുകള്‍ ആണ്, ഇടവഴികളിൽ വാഹനം നിർത്തി പണം പിരിക്കലാണ് പൊലീസിന്‍റെ ജോലി. ആവശ്യത്തിന് പൊലീസിനെ വിളിച്ചാൽ ഒന്നെങ്കിൽ സ്റ്റേഷനിൽ പൊലീസുകാർ ഉണ്ടാകില്ല, അല്ലെങ്കിൽ വണ്ടിയിൽ ഡീസൽ ഉണ്ടാകില്ല. കൊലപാതകങ്ങളും, പെൺവാണിഭവും, മയക്കുമരുന്നുമടക്കമുള്ള പ്രവർത്തികള്‍ കാരണം നാട് പൊറുതിമുട്ടുകയാണെന്നും, ആ സമയത്ത് അത്തരാക്കോട് പണം വാങ്ങി പൊലീസ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. സമരം ചെയ്യുന്നവരെയടക്കം വൈരാഗ്യ ബുദ്ധിയോട് കൂടിയാണ് പൊലീസ് കാണുന്നത്. ജനപ്രതിനിധികളോട് പോലും ഇത്തരത്തിൽ പെരുമാറുന്ന പൊലീസിന് റോഡിലൂടെ പോകുന്നവരോട് മോശമായി പൊരുമാറും. അതിനുള്ള സാഹചര്യമാണ് ഉണ്ടാക്കികൊടുക്കുന്നത്. യൂത്ത് കോൺഗ്രസ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. മനോഹരന്‍റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉറപ്പുവരുത്തും'.

മനോഹരനെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തിൽ നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.മനോഹരനെ പൊലീസ് മർദിച്ചെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താൻ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെൽമറ്റ് ഊരിയപ്പോൾ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ജീപ്പിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. മനോഹരൻ മദ്യപിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മനോഹരനെ പൊലീസ് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു.

ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. ഉടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആൾ മരിച്ചനിലയിലായിരുന്നു.

TAGS :

Next Story