ലഹരിയൊഴുക്ക് തടയാൻ ആളില്ലാതെ എക്‌സൈസ്; ഒഴിഞ്ഞുകിടക്കുന്നത് പ്രധാനപ്പെട്ട 75 തസ്തികകൾ
സീനിയോറിറ്റി തർക്കങ്ങളും കേസുകളും കാരണം നിയമനങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്
തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്ക് തടയാൻ ആളില്ലാതെ എക്സൈസ് വകുപ്പ്. സീനിയോറിറ്റി തർക്കങ്ങളും കേസുകളും കാരണം നിയമനങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്. ഇതോടെ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കർശന പരിശോധന നടപ്പിലാക്കാൻ വേണ്ടി താത്കാലിക ജീവനക്കാരെ നിയോഗിക്കാനാണ് എക്സൈസ് കമ്മീഷണറുടെ നിർദേശം.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മുൻകരുതലുകൾ വേണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ നിർദേശം. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും കർശനമായ പരിശോധന വേണം. എന്നാൽ ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയോഗിക്കണമെന്നും എക്സൈസ് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.
ഒഴിവ് വന്ന തസ്തികകളിലേക്ക് യഥാസമയം നിയമനം നടക്കാത്തതും പ്രൊമോഷൻ തസ്തികകളിലേക്കുള്ള നിയമനം നിലച്ചതുമാണ് എക്സൈസ് വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ തസ്തികയിൽ ഒമ്പതും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ തസ്തികയിൽ പന്ത്രണ്ടും സർക്കിൾ ഇൻസ്‌പെക്ടർ തസ്തികയിൽ പതിമൂന്നും എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിൽ 32ഉം ഒഴിവുകളാണ് നിലവിലുള്ളത്. ഇങ്ങനെ പ്രധാനപ്പെട്ട 75 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഇതിലാവട്ടെ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാരില്ലാത്തത് തിരുവനന്തപുരം അടക്കം ഒമ്പത് ജില്ലകളിലാണ്. സ്കൂളുകളിലും ഓഫീസുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കാൻ പോലും ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുന്നുണ്ട്. കൂടാതെ, നിലവിൽ എക്സൈസ് വകുപ്പിന് സംസ്ഥാനത്ത് 337 വാഹനങ്ങളുണ്ടെങ്കിലും 277 ഡ്രൈവർ തസ്തികകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ജീവനക്കാരുടെ സേവനം വരെ തേടേണ്ട അവസ്ഥയിലേക്ക് എക്സൈസ് വകുപ്പെത്തുന്നത്.
Adjust Story Font
16