എച്ച്.ആർ.ഡി.എസിന്റെ പാലക്കാട് അട്ടപ്പാടിയിലെ നിയമലംഘനങ്ങൾ നിരവധി: നടപടിയെടുക്കാതെ സർക്കാർ
കേസെടുത്ത് രണ്ട് വർഷം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല. ആദിവാസി ഭൂമി കൈയ്യേറ്റത്തിന് എസ്.സി-എസ്.ടി കമ്മീഷൻ വരെ കേസ് എടുത്തിട്ടുണ്ട്.
പാലക്കാട്: സ്വപ്നാ സുരേഷിന് ജോലി നൽകിയ എച്ച്.ആർ.ഡി.എസിന്റെ പാലക്കാട് അട്ടപ്പാടിയിലെ നിയമ ലംഘനങ്ങൾ വിവിധ സർക്കാർ ഏജൻസികൾ നേരത്തെ കണ്ടെത്തിയതാണ്. കേസെടുത്ത് രണ്ട് വർഷം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല. ആദിവാസി ഭൂമി കൈയ്യേറ്റത്തിന് എസ്.സി-എസ്.ടി കമ്മീഷൻ വരെ കേസ് എടുത്തിട്ടുണ്ട്.
മീഡിയവണിന്റെ അന്വേഷണ പരമ്പരയാണ് എച്ച്.ആർ.ഡി.എസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പുറംലോകത്തെത്തിച്ചത്. ഇതിന് പിന്നാലെ വിവിധ സർക്കാർ ഏജൻസികൾ എച്ച്.ആര്‍.ഡി.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചു. പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ മാത്രം രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. ഇതിൽ ആദിവാസി ഭൂമി കൈയ്യേറ്റവും ഉൾപെടും. ഇത് കൂടാതെ അഞ്ച് അന്വേഷണ റിപ്പോർട്ടുകൾ വേറെയുമുണ്ട്.
നിയമം ലംഘിച്ചാണ് ആദിവാസി ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ട്. അനധികൃത മരുന്ന് വിതരണം നടത്തിയ സംഭവത്തിൽ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. എച്ച് ആർ ഡി എസ് നിർമിച്ച വീടുകൾക്ക് ഗുണനിലവാരമില്ലെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണ്ടെത്തൽ.
ഈ വീടുകൾ താമസ യോഗ്യമല്ലെന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോർട്ട്. ആദിവാസി മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിലെ നിയമ ലംഘനങ്ങളെക്കുറിച്ച് ഒറ്റപ്പാലം സബ് കലക്ടറുടെയും ഐ.ഡി.ഡി.പി പ്രോജക്റ്റ് ഓഫീസറുടെയും റിപ്പോർട്ടുകൾ. കേസുകൾക്കും റിപ്പോർട്ടുകൾക്കും രണ്ട് വർഷത്തിലേറെ പഴക്കമുണ്ട്. എന്നിട്ടും എച്ച് ആർ ഡി എസിനതിരെ ഒരു നടപടിയും സംസ്ഥാന സർക്കാറിൽ നിന്ന് ഉണ്ടാകുന്നില്ല.
Adjust Story Font
16