'സർക്കാറിനെ പാഠം പഠിപ്പിക്കും'; കോഴിക്കോട് നവകേരള സദസ്സിന് മാവോയിസ്റ്റ് ഭീഷണി
കോഴിക്കോട് കലക്ട്രേറ്റിലാണ് ഭീഷണി കത്ത് കിട്ടിയത്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ട്രേറ്റിലാണ് ഭീഷണി കത്ത് കിട്ടിയത്.സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. മാവോയിസ്റ്റ് റെഡ് ഫ്ളാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവകേരള സദസ്സ് നടക്കുന്ന വേദിയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
കോഴിക്കോട് ജില്ലാ നവകേരള സദസ്സ് ഇന്ന് മുതലാണ് തുടങ്ങുന്നത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. 11 മണിക്ക് നാദാപുരം, വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര , 4.30 ന് കുറ്റ്യാടി, വൈകിട്ട് 6ന് വടകര മണ്ഡലം എന്നീ സമയക്രമങ്ങളിലാണ് ഇന്നത്തെ നവ കേരള സദസ്സുകൾ നടക്കുക. മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം.
നവകേരള സദസ്സുകള്‍ നടക്കുന്ന വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുമ്പ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് നിർദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും.
Adjust Story Font
16