സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റു
സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായാണ് മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ് . എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിലാണ് സാധാരണ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനമേറ്റടുക്കൽ ചടങ്ങ് നടക്കാറുള്ളത്. കുർബാന തർക്കത്തെ തുടർന്ന് ബസലിക്ക അടഞ്ഞുകിടക്കുന്നതിനാലാണ് സഭ ആസ്ഥാനത്ത് ചടങ്ങ് സംഘടിപ്പിക്കുന്നത്.
തെലങ്കാന ആസ്ഥാനമായുളള ഷംഷാബാദ് രൂപത ബിഷപ്പായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായാണ് മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്. സിനഡ് ആരംഭിച്ച് രണ്ടാം ദിവസം തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും വത്തിക്കാന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് പ്രഖ്യാപനം ഉണ്ടായത്.
മെത്രാൻ ഒരു സ്വകാര്യ സ്വത്തല്ലെന്നും കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്ന ശൈലി സഭയ്ക്കകത്ത് ഉണ്ടാകണമെന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞിരുന്നു.
തൃശൂര്‍ സ്വദേശിയായ മാര്‍ റാഫേല്‍ തട്ടില്‍ 1980ലാണ് തൃശൂര്‍ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. വിവിധ പളളികളില്‍ വികാരിയായതിന് ശേഷം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാര്‍ തട്ടില്‍. കുര്‍ബാന തര്‍ക്കം, സഭാ ഭൂമിയിടപാട് അടക്കമുള്ള വിഷയങ്ങളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹര്യത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെയാണ് സിനഡ് ചേര്‍ന്ന് പുതിയ തലവനെ തെരഞ്ഞെടുത്തത്.
Adjust Story Font
16