മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടങ്ങള്‍ നിർമിച്ചത് നിയമപരമായ അനുമതിയോടെ: കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍
വിവാദങ്ങള്‍ക്ക് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് കാന്തപുരം
മർക്കസ് നോളജ് സിറ്റിയിലെ എല്ലാ കെട്ടിടങ്ങളും നിർമിച്ചത് നിയമപരമായ അനുമതിയോടെയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. വിവാദങ്ങള്‍ക്ക് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ആവശ്യമെങ്കില് അത് സംബന്ധിച്ച് വെളിപ്പെടുത്തുമെന്നും അബുബക്കർ മുസലിയാർ പറഞ്ഞു. നോളജ് സിറ്റിയെ മുന്‍നിർത്തി ചിലർ ബ്ലാക്ക് മെയിലിങ്ങിന് ശ്രമിക്കുകയാണെന്ന് അബ്ദുല്‍ ഹകീം അസഹരിയും പറഞ്ഞു.
നോളജ് സിറ്റി പ്രവർത്തനപുരോഗതി അറിയിക്കാനായി വിളിച്ചു ചേർന്ന വാർത്താ സമ്മേളനത്തിലാണ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ നോളജ് സിറ്റിയെക്കുറിച്ചുയരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ആകെ 24 കെട്ടിടങ്ങളാണ് നോളജ് സിറ്റിയിലുള്ളത്. പൂർത്തിയായ 23 കെട്ടിടങ്ങള്ക്കും പൂർണ അനുമതിയും നമ്പരും ലഭിച്ചു. നിർമാണത്തിനിടെ അപകടം നടന്ന ഫിനിഷിങ് സ്കൂളിന് നിർമാണത്തിനുള്ള അനുമതിയുള്ളതാണ്. വിവാദങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യക്കാരാണെന്നും അബൂബക്കർ മുസലിയാർ പറഞ്ഞു
നോളജ് സിറ്റി മാത്രമല്ല മർക്കസ് സ്ഥാപനങ്ങളെയാകെ വിവാദമുണ്ടാക്കുന്നവർ ലക്ഷ്യം വെക്കുന്നതായി നോളജ് സിറ്റി എം ഡി അബ്ദുല് ഹകീം അസ്ഹരി പറഞ്ഞു. മെഡിക്കല്‍ കോളജ്, ലോ കോളജ്, ടെക്നോളജി സെന്റർ, സ്കൂള്‍ ഓഫ് മാനേജ്മെന്റ്, ഇന്റർനാഷണല് സ്കൂള്‍, കള്‍ചറല് സെന്റ് തുടങ്ങി വ്യത്യസ്ത വൈജ്ഞാനിക മേഖലകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പദ്ധതിയെന്ന് അധികൃതർ വിശദീകരിച്ചു. താമസ സൗകര്യവും ചിക്തിസക്കുള്ള ആധുനിക സൗകര്യമടക്കം സജ്ജീകരിച്ച ഇന്റഗ്രേറ്റഡ് ടൗണ്ഷിപ്പാണ് പദ്ധതി. ആറുമാസത്തിനകം പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുമെന്നും നോളജ് സിറ്റി അധികൃതർ അറിയിച്ചു. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസലാമും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16