മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്
മാത്യു കുഴൽനാടന്റെ റിവിഷൻ ഹരജിയിലാണ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്
കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. മാത്യു കുഴൽനാടന്റെ റിവിഷൻ ഹരജിയിലാണ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. റിവിഷൻ ഹരജി പരിഗണിക്കുമ്പോൾ കോടതിയിൽ നിന്നുണ്ടാകുന്ന സാധാരണ നടപടിക്രമം മാത്രമാണിത്.
കേസിൽ രണ്ടാം കക്ഷി പിണറായി വിജയൻ, ഏഴാം കക്ഷി വീണാ വിജയൻ എന്നിവർക്കുൾപ്പടെ എല്ലാ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ ഹരജി പരിശോധിക്കുമ്പോഴാവും ഇവരുടെ വിശദീകരണം കോടതി കേൾക്കുക.
മാസപ്പടി വിവാദത്തിൽ വിജിലൻസ് കോടതി വിധിക്കെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയതിനെ തുടർന്നായിരുന്നു ഇത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഈ ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയതോടെ എല്ലാം അവസാനിച്ചു എന്ന ആശ്വാസത്തിൽ ആയിരുന്നു സിപിഎം..ഹൈക്കോടതി നോട്ടീസിന് മുഖ്യമന്ത്രിയും മകളും മറുപടി പറയുന്നതോടെ വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
എന്ത് സേവനത്തിന്റെ പേരിലാണ് പണം കിട്ടിയതെന്ന് വീണയ്ക്ക് കോടതിക്ക് മുന്നിൽ വിശദീകരിക്കേണ്ടിവരും..മുഖ്യമന്ത്രിയുടെ പേര് നേരിട്ട് ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡിൻറെ ഉത്തരവില്ല.
Adjust Story Font
16