കെ.രാധാകൃഷ്ണനെ മാറ്റിയതില്‍ ജാതി രാഷ്ട്രീയം; പിണറായി പട്ടികജാതിക്കാരെ ഒതുക്കിയെന്ന് മാത്യു കുഴല്‍നാടന്‍
കേരള ചരിത്രത്തില്‍ ആദ്യമായി പട്ടികജാതിക്കാർക്ക് അധികാര പങ്കാളിത്തമില്ലാതായി
ചേലക്കര: കെ.രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി എം.പിയാക്കിയത് വഴി പിണറായി വിജയന്‍ പട്ടികജാതിക്കാരെ ഒതുക്കിയെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. കേരള ചരിത്രത്തില്‍ ആദ്യമായി പട്ടികജാതിക്കാർക്ക് അധികാര പങ്കാളിത്തമില്ലാതായി. ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യതയാണ് പിണറായി വിജയന്‍ ഇല്ലാതാക്കിയതെന്നും മാത്യു ആരോപിച്ചു. കോൺഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും മാത്യുവിന്‍റേത് തരംതാണ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചു.
ഇഎംഎസ് മന്ത്രിസഭയിൽ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോൾ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാൽ പിണറായി രാജിവയ്ക്കേണ്ടി വന്നാൽ സിപിഎമ്മിൽ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു തന്നെ മാറ്റിനിർത്തിയത്. പകരം ആ വിഭാഗത്തിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാൻ പിണറായിക്ക് ധൈര്യമില്ല.
തെരഞ്ഞെടുപ്പിൽ അതിനോട് പട്ടികജാതി വിഭാഗങ്ങൾ പ്രതികരിക്കണം. തെരഞ്ഞെടുപ്പിൽ പ്രതികരിക്കാൻ ഭയമാണെങ്കിൽ എവിടെയാണ് പ്രതികരിക്കുക. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയപ്പോൾ അതിന്‍റെ ഭാരം പട്ടികജാതി വിഭാഗങ്ങളടക്കം അനുഭവിക്കുകയാണ്. അഴിമതിക്കാരനെതിരെ ഒരു വോട്ട് ചെയ്യണം എന്ന് സ്ത്രീകൾ വീട്ടിൽ പറയണമെന്നും കുഴൽനാടൻ പറഞ്ഞു.
രാധാകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള യുഡിഎഫ് പ്രചാരണം അസംബന്ധമെന്ന് തോമസ് ഐസക് പറഞ്ഞു. മുഖ്യമന്തിയാകാൻ എംഎൽഎ ആകണമെന്നില്ല. സിപിഎം തീരുമാനിച്ചാൽ മതി. പട്ടികജാതിക്കാർക്ക് ജനസംഖ്യയേക്കാൾ കൂടിയ ബജറ്റ് വിഹിതം നൽകുന്ന സർക്കാരാണ് കേരളത്തിലേതെന്നും തോമസ് ഐസക് വ്യക്തമാക്കി.
അതേസമയം പട്ടികജാതിക്കാരുടെ അധികാര പങ്കാളിത്തത്തെ കുറിച്ചാണ് യുഡിഎഫ് ചോദിക്കുന്നതെന്നും അതിനെ സിപിഎം വർഗീയമാക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഭരണഘടന നൽകിയ അവകാശം ചോദിക്കുന്നത് വർഗീയമായി മുദ്രകുത്തുന്നത് സിപിഎം രീതിയാണ്. ചേലക്കരയിൽ യുഡിഎഫ് ആണ് അജണ്ട നിശ്ചയിച്ചതെന്നും കൊടിക്കുന്നിൽ മീഡിയ വണിനോട് പറഞ്ഞു.
Adjust Story Font
16